ഉറിയില്‍ ഭീകരാക്രമണം നടന്നത് ഇന്ത്യയിലെ സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണെന്നു എം.വി.ജയരാജന്‍

200

ഒറ്റപ്പാലം •ഉറിയില്‍ ഭീകരാക്രമണം നടന്നത് ഇന്ത്യയിലെ സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജന്‍. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. സൈനികത്താവളങ്ങളിലെ ഭീകരാക്രമണം സുരക്ഷാ വീഴ്ചയാണെന്നും ജയരാജന്‍ ആരോപിച്ചു. ഒറ്റപ്പാലം വാണിയംകുളത്തു സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയന്ത്രണ രേഖ കടന്നു സൈനിക താവളത്തിലെത്തി എങ്ങനെയാണു 18 പേരെ ഭീകരര്‍ കൊലപ്പെടുത്തിയത്. ഇതേക്കുറിച്ചു പ്രധാനമന്ത്രി ഒന്നും ഉരിയാടിയിട്ടില്ല. തിരിച്ചു പാക്കിസ്ഥാനില്‍ കയറി ആക്രമണം നടത്തി ഇന്ത്യന്‍ സൈന്യം 32 ഭീകരരെ കൊലപ്പെടുത്തി എന്നാണു റിപ്പോര്‍ട്ട്.
ഇതു കൊണ്ടു പ്രശ്നം തീര്‍ന്നോ? ഇപ്പോള്‍ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിത്യേന സ്ഫോടനങ്ങളാണ്. സ്ഫോടനങ്ങളുടെ ഫലമായി ജമ്മു-കശ്മീര്‍ പുകയുകയാണ്.യുദ്ധം ഉണ്ടായാല്‍ നാട്ടില്‍ കെടുതിയും ദുരിതവുമാകും. യുദ്ധത്തിന്റെ ഫലമായി മരിച്ചുവീഴുന്നവര്‍ പാവങ്ങളാണ്. നമുക്കു വേണ്ടതു യുദ്ധമല്ല. സമാധാനമാണ്. പ്രശ്നപരിഹാരത്തിനു കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതു നയതന്ത്രപരമായ നീക്കങ്ങളാണ്. കശ്മീര്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.സുധീര്‍ അധ്യക്ഷനായി. ആര്‍.ജി.പിള്ള, കെ.ഭാസ്കരന്‍, എസ്.കൃഷ്ണദാസ്, കെ.ഗംഗാധരന്‍, പി.സുധാകരന്‍, എം.പ്രിയ, എ.പി.എം.റഷീദ്, കെ.ആര്‍.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY