എംവി ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും

165

തിരുവനന്തപുരം: എംവി ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. നിലവില്‍ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായ എംവി ജയരാജന്‍ ഉടന്‍ പുതിയ ചുമതല ഏറ്റെടുക്കുമെന്നാണ് സൂചന. ഒന്‍പതു മാസമായി സര്‍ക്കാരിന്റെ ഭരണം ഇഴഞ്ഞുനീങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എംവി ജയരാജനെ നിയമിക്കാന്‍ തീരുമാനമായത്.
ഐടി സെക്രട്ടറിയായ എം ശിവശങ്കറാണ് ഇപ്പോള്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം വഹിക്കുന്നത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട്. ഇടത് സര്‍ക്കാര്‍ ഭരിച്ച കാലത്തെല്ലാം രണ്ട് സിപിഎം നോമിനികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സിപിഎം സംസ്ഥാന സമിതി അംഗം പുത്തലത്ത് ദിനേശന്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പാര്‍ട്ടി നോമിനി. പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കുന്നതോടെ ഓഫീസിലെ ഫയല്‍ നീക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

NO COMMENTS

LEAVE A REPLY