തിരുവനന്തപുരം : പ്രളയക്കെടുതി നേരിട്ടതുപോലെ പകര്‍ച്ചവ്യാധി തടയുന്നതിന് ഒരുമിച്ച് പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്.
ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ പരമാവധിയാളുകളില്‍ എലിപ്പനിസംബന്ധിച്ച ജാഗ്രതയെത്തിക്കുക എന്നതാണ്. ഒപ്പം രോഗം ബാധിച്ചവരെ തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സിപ്പിക്കാനും സാധിക്കണമെന്ന് ജയരാജന് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമുക്കൊന്നിക്കാം – പകര്‍ച്ചവ്യാധി പ്രതിരോധ – ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാം
പ്രളയക്കെടുതി ഘട്ടത്തിലെ ദുരിതാശ്വാസ- രക്ഷാപ്രവര്‍ത്തനം പോലെ, പകര്‍ച്ചവ്യാധി തടയുന്നതിനും നമ്മളൊന്നിച്ച് പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. മഴക്കെടുതിക്ക് ശേഷം പകര്‍ച്ചവ്യാധി സാധ്യത മുന്‍ കൂട്ടിക്കണ്ട് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുകയുണ്ടായി. എന്നാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെയുള്പ്പടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തവരും, വെള്ളം ഉയരുന്ന ഘട്ടത്തില്‍ ഒഴുകിയെത്തിയ വെള്ളത്തിലെ കുപ്പിച്ചില്ലുള്പ്പടെ കാലില്‍ കൊണ്ട് മുറിഞ്ഞും, എലി മൂത്രം കലര്‍ന്ന വെള്ളത്തില്‍ ചവുട്ടിസഞ്ചരിച്ചതിനാലുമെല്ലാം എലിപ്പനി വ്യാപകമാവുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തിലും നമ്മളൊറ്റക്കെട്ടായിനിന്ന് ഈ പ്രതിസന്ധിയേയും മുറിച്ചുകടക്കേണ്ടതുണ്ട്. ഇതിന് പ്രധാനമായും ചെയ്യേണ്ടത് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ പരമാവധിയാളുകളില്‍ എലിപ്പനിസംബന്ധിച്ച ജാഗ്രതയെത്തിക്കുക എന്നതാണ്. ഒപ്പം രോഗം ബാധിച്ചവരെ തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സിപ്പിക്കാനും സാധിക്കണം.
എലിപ്പനി എങ്ങനെ തടയാം..? രോഗം എങ്ങനെ തിരിച്ചറിയാം.? ഈ രണ്ട് സംശയങ്ങള്‍ക്കും അറുതിവരുത്തുന്നതിനായി സര്‍ക്കാര്‍ തന്നെ വ്യാപകമായി നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങള്‍ വഴി ജനങ്ങളിലെത്തിച്ചിട്ടുണ്ട്. ആയത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരമാവധിപ്പേരിലെത്തിക്കാന് നമുക്ക് സാധിക്കണം. സര്‍ക്കാര്‍ മുന്നോട്ടുവെച്ച ബോധവത്ക്കരണ-പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു :-
രോഗസംക്രമണവും ലക്ഷണങ്ങളും
ത്വക്കിലുള്ള ചെറിയ മുറിവുകളില്‍ കൂടിയോ, അല്ലെങ്കില്‍ കണ്ണ്, മൂക്ക്, വായ് വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നു.
പനി, പേശി വേദന (കാല്‍വണ്ണയിലെ പേശികള്‍), തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ്.
ആരംഭത്തില്‍ത്തന്നെ ശരിയായ ചികിത്സ നല്കുകയാണെങ്കില് പൂര്‍ണ്ണമായും രോഗം ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
പാലിക്കേണ്ട മുന്‍കരുതലുകള്‍
മലിനജലത്തില്‍ ജോലിചെയ്യേണ്ടി വരുന്നവരും, ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരും വെള്ളം കയറാത്ത ഗംബൂട്ടുകള്‍, കണ്ണടകള്‍, കട്ടികൂടിയ തൊപ്പികള്‍, കയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും ധരിക്കുക
ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ 200 മി.ഗ്രാം ഡോക്സി സൈക്ലിന്‍ ഗുളിക (ആഹാരത്തിന് ശേഷം) കഴിക്കേണ്ടതാണ്. മലിനജലവുമായി സമ്ബര്ക്കമുള്ളിടത്തോളം കാലം ആഴ്ചയിലൊരിക്കല്‍ ഗുളിക കഴിക്കുന്നത് തുടരുക.
മഴക്കെടുതി വിതച്ച ദുരിതത്തില്‍ നിന്നും ക്രമേണ കരകയറി വരുന്ന നമുക്കിടയിലേക്ക് പകര്‍ച്ചവ്യാധി വന്‍വിപത്തായി എത്തിക്കൂട. മഴക്കെടുതിയുണ്ടായാല്‍ പകര്‍ച്ചവ്യാധി പടര്ന്നുപിടിച്ചേല്ക്കും. എന്നാല്‍ അത് ഒരുപരിധിവരെ നിയന്ത്രിക്കാന്‍ നമുടെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു. അപ്പോഴും പകര്‍ച്ചവ്യാധി പൂര്‍ണ്ണമായും ശമിച്ചിട്ടില്ല. അത് വ്യാപകമാവാതിരിക്കാന്‍ നമുക്കൊരുമിച്ച് പ്രതിരോധ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാം. ആരോഗ്യ കേരളത്തിനായി നമുക്ക് കൈകോര്‍ക്കാം.
എം.വി ജയരാജന്