സുരക്ഷാ ചെലവ്; മഅ്ദനി ഇന്ന് സുപ്രീം കോടതിയെ സമീപിക്കും

212

ബെംഗളൂരു: കേരള യാത്രക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് 15 ലക്ഷത്തോളം രൂപ വേണമെന്ന കര്‍ണാടക പോലീസിന്റെ ആവശ്യത്തിനെതിരെ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് സുപ്രീം കോടതിയില്‍ ഹരജി നല്‍കും. നാല് വര്‍ഷം മുമ്പ് മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ 50,000 രൂപ മാത്രമാണ് കെട്ടിവെച്ചതെന്നും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അര്‍ബുദ രോഗിയായ മാതാവ് അസ്മാ ബീവിയെ കാണാന്‍ പോയപ്പോള്‍ പണം കെട്ടിവെക്കേണ്ടി വന്നില്ലെന്നും സുപ്രീം കോടതിയില്‍ ബോധ്യപ്പെടുത്തും. കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തപ്പോള്‍ അനുഗമിച്ച പോലീസുകാരുടെ യാത്രാ ചെലവ് വഹിച്ചതും സര്‍ക്കാറായിരുന്നു. ഒന്നോ രണ്ടോ പോലീസുകാരെ മാത്രം എസ്‌കോര്‍ട്ടിന് അയക്കുന്ന കാര്യം പരിഗണിക്കണമെന്നും ബാക്കി സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ കേരള സര്‍ക്കാറിനോട് ആവശ്യപ്പെടാവുന്നതാണെന്നും മഅ്ദനിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിക്കും. യാത്ര സംബന്ധമായ വിശദാംശങ്ങള്‍ മഅ്ദനി ബെംഗളൂരു പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനും മൂത്ത മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദച്ചിരുന്നു.

ഈ മാസം ഒന്ന് മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. എന്നാല്‍ 14 ദിവസത്തെ കേരള സന്ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കുന്ന കര്‍ണാടക പോലീസിന്റെ മുഴുവന്‍ ചെലവും മഅ്ദനി വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ന്യായമായ തുക മാത്രമേ ഈടാക്കാവു എന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മഅ്ദനിക്ക് സുരക്ഷ ഉറപ്പാക്കുന്ന 19 ഉദ്യോഗസ്ഥര്‍ക്ക് 13 ദിവസത്തെ ചെലവിനായി 18 ശതമാനം ജി എസ ്ടി നികുതിയും വാഹന വാടകയും ഉള്‍പ്പടെ 14,79,875.76 രൂപ നല്‍കണമെന്നാണ് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. ന്യായമായ തുകയെ ഈടാക്കുകയുള്ളു എന്ന് കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് ഇതെന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. യാത്രാ വിവരങ്ങള്‍ സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് സഹിതം കമ്മീഷണര്‍ ടി സുനില്‍കുമാറിന് കൈമാറാനെത്തിയപ്പോഴാണ് പണം നിക്ഷേപിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചതെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും മഅ്ദനിയുടെ അഭിഭാഷകന്‍ പി ഉസ്മാനും പറഞ്ഞു.

NO COMMENTS