മഅ്ദനിയുടെ സുരക്ഷാ ചെലവ് കര്‍ണാടക പുനപ്പരിശോധിക്കണം: സുപ്രീം കോടതി

165

ബെംഗളൂരു: കേരളത്തിലേക്ക് വരാന്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് ഭീമമായ സുരക്ഷാ ചെലവ് മുന്നോട്ടുവെച്ച കര്‍ണാടക സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. കേരള യാത്രക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് 15 ലക്ഷത്തോളം രൂപ വേണമെന്ന കര്‍ണാടക പോലീസിന്റെ ആവശ്യം പുനപ്പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സുരക്ഷ നല്‍കുന്ന ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ ടിഎയും ഡിഎയും മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും ഇത് ഉള്‍പ്പെടുത്തി ഒരു പുതിയ പട്ടിക സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. പുതിയ പട്ടിക നാളെ തന്നെ സമര്‍പ്പിക്കാമെന്ന് കര്‍ണാടക സുപ്രീം കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, മഅ്ദനിക്ക് സുരക്ഷയൊരുക്കാമെന്ന കേരളത്തിന്റ വാഗ്ദാനം സുപ്രീം കോടതി തള്ളി.

NO COMMENTS