കര്‍ണാടക കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി.

214

ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി. ഞായറാഴ്ച പൂര്‍ണമായും കര്‍ണാടകയിലെ പ്രശ്‌നപരിഹാരത്തിനായി നീക്കിവെക്കാനാണ് കമല്‍നാഥിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എംഎല്‍എമാര്‍ കൂറുമാറാതിരിക്കാനുള്ള ദൗത്യവുമായാണ് കമല്‍ നാഥ് എത്തിയിരിക്കുന്നത്.ഇതുപ്രകാരം ശനിയാഴ്ച രാത്രി കമല്‍നാഥ് ബെംഗ്ലൂരുവിലെത്തി. പാര്‍ട്ടിയുടെ എംഎല്‍എമാരെ നേരിട്ട് കാണുകയാണ് ഉദ്ദേശം.

കോണ്‍ഗ്രസ് പലപ്പോഴും സമാനമായ പ്രതിസന്ധികള്‍ നേരിട്ടപ്പോഴൊക്കെ കമല്‍ നാഥിന്റെ ഇടപെടല്‍ ഫലം കണ്ടിരുന്നു. ഈ അനുഭവ പരിചയം കര്‍ണാടകയില്‍ പ്രയോഗിക്കാനാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. എച്ച്‌.ഡി കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി തുലാസിലായിരിക്കുന്ന സാഹചര്യത്തില്‍ സഖ്യം തകരാതെ നോക്കുക എന്ന ഉത്തരവാദിത്തവും ഇദ്ദേഹത്തിനുണ്ട്.

13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും രാജി സമര്‍പ്പിച്ചതിനാല്‍ സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലാണ്. ബിജെപി ഓപ്പറേഷന്‍ കമലയിലൂടെ തങ്ങളുടെ എംഎല്‍എമാരെ കൂറുമാറ്റുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

തിങ്കളാഴ്ച സഭയില്‍ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. അതേസമയം എംഎല്‍എമാരുടെ രാജി സ്പീക്കര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ എല്ലാവര്‍ക്കും കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ശുഭപ്രതീക്ഷ നല്‍കി രണ്ട് വിമത എംഎല്‍എമാര്‍ രാജി പിന്‍വലിച്ചേക്കുമെന്ന് സൂചനയുണ്ട്.

NO COMMENTS