ചെന്നൈ • തമിഴ്നാട്ടില്‍ മതപുരോഹിതന്മാര് തലാഖ് അനുവദിയ്ക്കുന്നതിനു മദ്രാസ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. വിവാഹ മോചനം നല്കാന് പുരോഹിതന്മാര്ക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. അണ്ണാ ഡിഎംകെ മുന്‍ എംഎല്‍എ ബദര്‍ സെയ്ദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. തലാഖ് നല്കാന് മതപുരോഹിതര്‍ക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഇതുവരെ നല്കിയ വിവാഹ മോചനങ്ങള്‍ അസാധുവാണെന്നും പ്രഖ്യാപിച്ചു. തലാഖിന് യാതൊരു നിയമ സാധുതയുമില്ല. തലാഖ് സര്‍ട്ടിഫിക്കറ്റ് മതപുരോഹിതരുടെ അഭിപ്രായം മാത്രമാണ്. സ്ത്രീ വിരുദ്ധമായ ഈ നടപടി ഒരു തരത്തിലും അംഗീകരിയ്ക്കാനാകില്ല. സാഹചര്യം മനസിലാക്കാതെയാണ് ശരീഅത്ത് കോടതികളില്‍ ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസമാണ് തമിഴ്നാട്ടിലെ മുസ്ലിം പള്ളികളോട് ചേര്‍ന്നുള്ള അനധികൃത ശരീഅത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചത്.