നാഷിക്: അഞ്ച് വയസ്സുകാരിയെ 17കാരന്‍ കൗമാരക്കാരന്‍ പീഡിപ്പിച്ച കേസില്‍ മഹാരാഷ്ട്രയിലെ നാഷിക്കില്‍ പ്രതിഷേധം ശക്തം. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ കുറ്റാരോപിതന്റെ വീട് അഗ്നിക്കിരയാക്കി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
പൊലീസ് പിടിയിലായ 17കാരന്‍ നാഷിക്കിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നാഷിക്കില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള താലെഗോണ്‍ ഗ്രാമത്തില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയും സഹോദരിയും മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു സംഭവം. ചോക്കലേറ്റ് വാഗ്ദാനം നല്‍കി ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ മുംബൈ- നാഷിക്, പൂനൈ- നാഷിക് ഹൈവേകള്‍ ഉപരോധിച്ചു. പ്രതിഷേധക്കാര്‍ രണ്ട് പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടതോടെ ആക്രമണ സാധ്യത കണക്കിലെടുത്ത് നാഷിക്കില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് മൂന്ന് റൗണ്ട് നിറയൊഴിച്ചു.