ദില്ലി: ഗാന്ധിജിയുടെ ചിത്രങ്ങളോ ഗാന്ധിയുമായി ബന്ധപ്പെട്ട ചര്‍ക്ക, കണ്ണട തുടങ്ങിയ ചിഹ്നങ്ങളോ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതുശൗചാലയങ്ങള്‍, ചവറ്റുകുട്ടകള്‍, തുടങ്ങി വൃത്തഹീനമാണെന്ന് വിലയിരുത്തപ്പെടുന്ന ഒരു സ്ഥലത്തും ഗാന്ധിജിയുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കരുതെന്ന് എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രം അറിയിപ്പ് നല്കി. സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കുമ്ബോള്‍ ആരുടെയും വികാരം വ്രണപ്പെടാതിരിക്കാന്‍ ഇക്കാര്യം അടിയന്തരമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച അറിയിപ്പില്‍ പറയുന്നു. സമാനമായ നിര്‍ദ്ദേശം എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും മറ്റ് ഉദ്ദ്യോഗസ്ഥര്‍ക്കും നല്‍കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പൊതുശൗചാലയങ്ങളില്‍ ഗാന്ധി ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഛത്തീസ്ഗഢ് ഹൈക്കോടതിയില്‍ ബദറുദ്ദീന്‍ ഖുറൈശി എന്നയാള്‍ ഹര്‍ജി നല്‍കിയിരുന്നു.