ദില്ലി: ഗുജറാത്തിൽ ആദായനികുതി വകുപ്പ് അറസ്റ്റു ചെയ്ത മഹേഷ് ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. കള്ളപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ശുദ്ധീകരണ യാഗത്തെ ചില അസുരൻമാർ തടസ്സപ്പെടുത്തെന്നും ബിജെപി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിർള സഹാറ കമ്പനികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് നേരത്തെ ആരോപിച്ച കോൺഗ്രസ് ഗുജറാത്തിൽ 13,860 കോടി രൂപ വെളിപ്പെടുത്തിയ മഹേഷ് ഷായ്ക്കും മോദി ഉൾപ്പടെയുള്ള നേതാക്കളുമായി ബന്ധമുണ്ടെന്ന് ഇന്ന് കുറ്റപ്പെടുത്തി. അഹമ്മദാബാദിൽ റെയ്ഡ് നടന്ന സഹകരണ ബാങ്കുമായി അമിത് ഷായ്ക്കു ബന്ധമുണ്ടെന്നും ബിജെപിയുമായി അടുപ്പമുള്ള കള്ളപ്പണക്കാരെ സർക്കാർ വെറുതെ വിടുന്നുവെന്നും അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുന്നു എന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല വ്യക്തമാക്കി. അഴിമതിക്കാർക്കെതിരെയുള്ള നീക്കത്തിൽ കോൺഗ്രസിന് വിറളിപിടിച്ചിരിക്കുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രിമാരായ രവിശങ്കർ പ്രസാദും പിയൂഷ് ഗോയലും പറഞ്ഞു. ഇന്ത്യ രണ്ടു ദിവസത്തിൽ നിർണ്ണയാക ഘട്ടത്തിലേക്കു കടക്കുമെന്ന് വാർത്താവിതരണ മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു.
സർക്കാരിനും പ്രധാനമന്ത്രിക്കെതിരെയുമുള്ള ആരോപണങ്ങൾ നേരിടാൻ വൻപ്രചരണത്തിനാണ് വരും ദിവസങ്ങളിൽ ബിജെപി തയ്യാറെടുക്കുന്നത്.