സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സര്‍ക്കാരുകള്‍ പരാജയമെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി.

189
വനിതാ സംഗമത്തില്‍ കെ.പി.സി.സി. പ്രസിഡന്‍റ് എം.എം. ഹസ്സന്‍ സംസാരിക്കുന്നു.

തിരുവനന്തപുരം: സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കേന്ദ്ര- കേരളാ സര്‍ക്കാരുകള്‍ പരാജയമെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷമീന ഷഫീഖ്. മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷമീന.
സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കാനോ ശക്തമായ നടപടി സ്വീകരിക്കാനോ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. കൊച്ചുകുഞ്ഞിനെ ബലാസംഗം ചെയ്തുകൊന്ന ഉത്തര്‍പ്രദേശില്‍ ആ സംഭവത്തില്‍ അപലപിക്കാന്‍ പോലും അവിടത്തെ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ബി.ജെ.പിയുടെ നയം ഇതില്‍ നിന്നും മനസിലാക്കാമെന്ന് ഷമീന പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരും സ്ത്രീസുരക്ഷ ഒരുക്കുന്നതില്‍ ഗുരുതരവീഴ്ചയാണ് വരുത്തുന്നതെന്നും ഇവര്‍ ആരോപിച്ചു. ഇവിടെ കാണാതാകുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. അതിന് ശാശ്വതപരിഹാരം കണ്ടെത്തണം. കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളായ പുരുഷന്‍മാരുടെ മദ്യാസക്തിയും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും പരിഹാരം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. റേഷനിംഗ് സംവിധാനം മെച്ചപ്പെടുത്തണം. ശബ്ദം നഷ്ടപ്പെട്ട സ്ത്രീവിഭാഗങ്ങളുടെ നാവായി പ്രവര്‍ത്തിക്കാന്‍ മഹിളാ കോണ്‍ഗ്രസിന് കഴിയണമെന്നും ഷമീന ഷഫീഖ് പറഞ്ഞു.
ജന്മി-കുടിയാന്‍ ബന്ധംപോലെയാണ് നരേന്ദ്രമോഡി സംസ്ഥാനങ്ങളോട് പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. കേരളത്തില്‍ നിന്നുള്ള നിവേദന സംഘത്തിന്റെ പ്രധാനാവശ്യങ്ങളെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. സംസ്ഥാനങ്ങള്‍ കുടികെടപ്പ് അവകാശം ചോദിക്കാന്‍ ചെന്നത് പോലെയാണ് പ്രധാനമന്ത്രി പെരുമാറിയത്. കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് വോട്ടില്ലാത്തതിനാല്‍ റേഷനില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. റേഷനില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത് വിട്ടമ്മമാരാണ്. കേരളത്തിന്റെയും കൂടി നികുതികൊണ്ടാണ് മോഡി രാജ്യം ഭരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും എം.എം.ഹസന്‍ പറഞ്ഞു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പനൂര്‍ രവി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, ദേശീയ ജനറല്‍ സെക്രട്ടറി ഫാത്തിമ റോസ്‌ന, രാജലക്ഷമി, വാഹിദ, ശന്താ ജയറാം, കുഞ്ഞുമോള്‍ രാജു, മേരീ പീറ്റര്‍ , ആശസനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS