കണ്ണൂർ : സംസ്ഥാനത്തെ പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങള്‍ വികലാംഗ സൗഹൃദമാക്കണമെന്ന് മനുഷ്യാ വകാശ കമ്മീഷന് അംഗം പി മോഹന്‍ദാസ്. കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന് അദാലത്തില്‍ പൊതുതാല്പര്യാര്ഥം അഡ്വ. ദേവദാസാണ് ഇതുമായി ബന്ധപ്പെട്ട് പരാതി സമര്‍പ്പിച്ചത്. സംസ്ഥാന ങ്ങളിലെ ഗതാഗത സംവിധാനങ്ങള്‍ വികലാംഗ സൗഹൃദമാക്കണമെന്ന് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം നിലവിലുണ്ടെങ്കിലും കേരളത്തില്‍ എത്രത്തോളം പ്രാവര്‍ത്തികമായി എന്നത് പരിശോധിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണറോട് റിപ്പോര്‍ട്ട് തേടുമെന്ന് പി മോഹന്‍ദാസ് പറഞ്ഞു.
സംസ്ഥാനത്തെ കോടതികളില്‍ ആവശ്യത്തിലധികം കേസുകള്‍ നിലവിലുണ്ടെന്നും ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. ഇത് നീതി നിഷേധത്തിന് തുല്യമാണ്. കോടതികളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കിലും ജില്ലാ, മജിസ്ട്രേറ്റ് കോടതികളില്‍ നിന്നുണ്ടാകുന്ന കാലതാമസം പരാതിക്കാരെ മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തിക്കുകയാണ്. ജില്ലകള്‍ തോറും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്ന നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നെങ്കിലും അത് നടപ്പിലായിട്ടില്ല. ഇതിന് പരിഹാരം വേണം. ജനങ്ങള്‍ക്ക് സയമബന്ധിതമായി നീതി ലഭ്യമാക്കാനായി ആവശ്യമായ കോടതികള്‍ ജില്ലകളില്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പടമ്പ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന് പദ്ധതിയിലുള്‍പ്പെടുത്തി ലഭിച്ച വീടിന് അവസാന ഗഡു ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ലോട്ടറി തൊഴിലാളികളായ വൃദ്ധ ദമ്പതികള്‍ നല്കിയ പരാതിയും പരിഗണിച്ചു. അന്ധനായ വിജയനും ഭാര്യ ശശികല വിജയനുമാണ് പരാതിക്കാര്‍. ലൈഫ് മിഷനില്‍ അനുവദിച്ച വീട് നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് തന്നെ ഏര്‍പ്പാടാക്കി നല്കിയ കോണ്ട്രാക്ടര് തന്റെ അന്ധത മുതലെടുത്ത് വഞ്ചിച്ചുവെന്നും വീട് താമസയോഗ്യമായ രീതിയില്‍ നിര്‍മ്മിച്ചില്ലെന്നുമാണ് പരാതി. ഇത് പഞ്ചായത്ത് അവസാന ഘഢു നിഷേധിക്കുന്നതിന് കാരണമായി. സംഭവത്തില്‍ അടിയന്തര പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തളിപ്പറമ്പ് ഡിവൈഎസ്പി ക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി.
വളപട്ടണം പുഴയിലെ അനധികൃത മണല്‍ വാരല്‍ റെയില്‍വെ പാലത്തിനും നാഷണല്‍ ഹൈവേയിലെ പാലത്തിനും ഭീഷണിയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാന്‍ കമ്മീഷന് തീരുമാനിച്ചു. അഴീക്കോട് സില്‍ക്കില്‍ പൊളിക്കാന്‍ കൊണ്ടുവരുന്ന കപ്പലുകള്‍ യഥാസമയം പൊളിക്കാത്തത് കാരണം പലതും നിയന്ത്രണം നഷ്ടമായി കടലില്‍ ഒഴുകി നടക്കുന്നതായും ഇത് മത്സ്യത്തൊഴിലാളികള്‍ക്കുള്‍പ്പെടെ ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും സൂചിപ്പിച്ച് പൊതുതാല്പര്യാര്ഥം ലഭിച്ച പരാതിയും സിറ്റിംഗില്‍ പരിഗണിച്ചു. ഇതുമായി ബന്ധപ്പെട്ട് സില്‍ക്ക് അധികൃതരോട് വിശദീകരണം തേടാന്‍ കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്.
ആകെ 57 പരാതികളാണ് മനുഷ്യാവകാശ കമ്മീഷന് പരിഗണിച്ചത്. 16 കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതായി മാറ്റി. 26 കേസുകളില്‍ റിപ്പോര്‍ട്ട് തേടി. 15 കേസുകളില്‍ കമ്മീഷന് നടപടികള്‍ അവസാനിപ്പിച്ചു.