മലബാര്‍ സിമെന്‍റ്സ് അഴിമതിക്കേസുകളിലെ വിജിലന്‍സ് അന്വേഷണത്തിനെതിരേ യൂണിയനുകള്‍

201

പാലക്കാട്: മലബാര്‍ സിമെന്‍റ്സ് അഴിമതിക്കേസുകളിലെ വിജിലന്‍സ് അന്വേഷണത്തിനെതിരേ കന്പനിയിലെ യൂണിയനുകള്‍ പരോക്ഷമായി രംഗത്ത്. വിജിലന്‍സ് അന്വേഷണ സംഘത്തിന്‍റെ വിശ്വാസ്യത ചോദ്യംചെയ്ത് പ്രമുഖ യൂണിയനുകളുടെ ഭാരവാഹികള്‍ ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസം കന്പനിയിലെത്തിയ വ്യവസായ വകുപ്പ് സ്പെഷല്‍ സെക്രട്ടറികൂടിയായ എം.ഡി: സഞ്ജയ് കൗളിനു നല്‍കി. കേസില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കുന്ന വ്യവസായ വകുപ്പിന്‍റെ ഒളിച്ചുകളിക്കു പിന്നാലെയാണ് യൂണിയനുകളുടെ നീക്കം. എം.സി.എല്‍. എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു), എം.സി.എല്‍. എംപ്ലോയീസ് അസോസിയേഷന്‍(ഐ.എന്‍.ടി.യു.സി), എം.സി.എല്‍. എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (എസ്.ടി.യു) എന്നീ യൂണിയനുകളുടെ സെക്രട്ടറിമാരാണ് സംയുക്ത നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്.എം.സി.എല്‍. വര്‍ക്കേഴ്സ് യൂണിയന്‍റെയും(എ.ഐ.ടി.യു.സി) പേരുണ്ടെങ്കിലും സെക്രട്ടറി ഒപ്പിട്ടിട്ടില്ല. നിലവില്‍ കന്പനിയിലെ അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റണമെന്നാണു പ്രധാന ആവശ്യം. അഴിമതി അന്വേഷണത്തിന് നിലവിലുള്ളതില്‍നിന്ന് വ്യത്യസ്തമായി ഉന്നതതല വിജിലന്‍സ് സംഘത്തെ നിയമിക്കുക, സംശയനിഴലിലുള്ള ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തുക, അന്വേഷണവിവരങ്ങള്‍ ചോര്‍ത്തി മലബാര്‍ സിമെന്‍റ്സിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക, കന്പനിയുടെ സുഗമമായ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ യോഗ്യരായ ഉദ്യോഗസ്ഥരെ നിയമിക്കുക, കന്പനിക്ക് ആവശ്യമായ അസംസ്കൃത വസ്തു ശേഖരണം സുഗമമാക്കുക എന്നീ ആവശ്യങ്ങളും കത്തിലുണ്ട്. കന്പനിയിലെ അഴിമതി തുടച്ചുനീക്കാനും ഉല്‍പ്പാദനം ഇരട്ടിയാക്കി കൂടുതല്‍ പേര്‍ക്കു തൊഴില്‍ നല്‍കാനുമുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുമെന്നു യൂണിയനുകള്‍ കത്തിന്‍റെ തുടക്കത്തില്‍ പറയുന്നു. ദ്രുത പരിശോധനയില്‍ അഴിമതി നടന്നതായി കണ്ടെത്തിയിട്ടും കേസെടുക്കാതിരുന്ന വിജിലന്‍സ് നടപടി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇടയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ പിന്തുണയോടെ അഞ്ചുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിനിടെ കന്പനി എം.ഡി: കെ. പത്മകുമാറിനെ അറസ്റ്റും ചെയ്തു. നാലു കേസില്‍ പ്രതിസ്ഥാനത്തുവന്നിട്ടും അറസ്റ്റിലായതിനു ശേഷമാണ് പത്മകുമാറിനെ സ്ഥാനത്തുനിന്നും സര്‍ക്കാര്‍ നീക്കിയത്. നിലവില്‍ കന്പനിയിലെ ഉന്നതോദ്യോഗസ്ഥരില്‍ നല്ലൊരു ശതമാനവും വിജിലന്‍സ് കേസുകളില്‍ പ്രതിസ്ഥാനത്താണ്.
അതിനിടെ, കഴിഞ്ഞദിവസം കന്പനിയിലെത്തിയ എം.ഡി. സഞ്ജയ് കൗളിനോട് ഇറക്കുമതി ചെയ്ത ക്ലിങ്കര്‍ വാളയാറിലേക്കു കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ക്ലിങ്കര്‍ ഇറക്കുമതിയിലെ അഴിമതി സംബന്ധിച്ച്‌ വിജിലന്‍സ് കേസെടുത്തിരിക്കെയായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. സംഭവത്തില്‍ വിജിലന്‍സ് കേസ് നിലനില്‍ക്കുന്ന സാഹചര്യം ചോദിച്ചറിഞ്ഞ എം.ഡി. ഇക്കാര്യം ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി പിന്നീടു പരിഗണിക്കാമെന്നു നിലപാടെടുത്തു.

NO COMMENTS

LEAVE A REPLY