ലണ്ടന്‍: അഭയാര്‍ഥികളെ തടയാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ്. കലാപങ്ങളും യുദ്ധങ്ങളും നടക്കുന്ന പ്രദേശങ്ങളില്‍നിന്നുള്ള അച്ഛനമ്മമാരെയും കുട്ടികളെയും തഴയരുതെന്നും മലാല ട്രംപിനോട് അഭ്യര്‍ഥിച്ചു. ലോകത്താകെ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സമയത്ത് അശരണരായ കുട്ടികളോടും കുടുംബങ്ങളോടും പുറംതിരിഞ്ഞ് നില്‍ക്കരുതെന്ന് ഞാന്‍ ട്രംപിനോട് അപേക്ഷിക്കുന്നെന്നും മലാല പ്രസ്താവനയില്‍ പറഞ്ഞു.അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും മികച്ച രീതിയില്‍ സ്വീകരിച്ചിരുന്ന സംസ്കാരമാണ് അമേരിക്കയ്ക്കുള്ളത്. അമേരിക്ക ഒരിക്കലും ഇതിന് എതിരു നില്‍ക്കരുത്.
ജീവിക്കാനുള്ള അവസരത്തിനായാണ് അഭയാര്‍ഥികള്‍ മറ്റ് രാജ്യങ്ങളിലേക്ക് എത്തുന്നതെന്നും മലാല പറഞ്ഞു. നിങ്ങളുടെ രാജ്യം പടുത്തുയര്‍ത്തുന്നതിന് സഹായിക്കാന്‍ അവര്‍ തയ്യാറാണ്. എത്ര കഠിനാധ്വാനം ചെയ്തിട്ടാണെങ്കിലും ജീവിക്കാനുള്ള ഒരവസരത്തിനായാണ് അവര്‍ എത്തുന്നതെന്നും സമാധാന നൊബേല്‍ ജേതാവായ മലാല പറഞ്ഞു. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു കരുതുന്ന സിറിയ, ഇറാന്‍, ഇറാഖ്, ലിബിയ, യെമന്‍, സുഡാന്‍, സൊമാലിയ തുടങ്ങിയ മുസ്ലീം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം താത്കാലികമായി വിലക്കുന്നതിനുള്ള ഉത്തരവിലാണ് ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസം ഒപ്പുവച്ചത്. ഉത്തരവ് പ്രകാരം അഭയാര്‍ത്ഥികളെ അടുത്ത 120 ദിവസത്തേക്ക് യു.എസ് സ്വീകരിക്കില്ല. 30 ദിവസത്തേക്ക് ഈ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റ, കുടിയേറ്റേതര വിസാ അപേക്ഷകളിന്മേലുള്ള എല്ലാ ഇമിഗ്രേഷന്‍ നടപടികളും നിര്‍ത്തിവെക്കാനുമാണ് ഉത്തരവില്‍ പറയുന്നത്.