ന്യൂഡല്‍ഹി: സുപ്രീംകോടതിയും അപ്പീല്‍ തള്ളി. കോഴിക്കോട് മലാപ്പറമ്പ് എ.യു എല്‍.പി സ്‌കൂള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ഉറപ്പായി. സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയും തള്ളി. നടപടികളെടുക്കാന്‍ സര്‍ക്കാരിന് ആവശ്യമായ സമയം കിട്ടിയതാണെന്നും ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് പി.സി ഘോഷ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
2015 ഒക്‌ടോബറില്‍ ഹൈക്കോടതി ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയതാണ്. അതിന് ശേഷം ഇത്രയും സമയം സര്‍ക്കാരിന് കിട്ടിയിരുന്നു. പക്ഷേ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണ് മാനേജ്‌മെന്റിന്റെ നടപടിയെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചില്ല. 75 കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചില്ല. സര്‍ക്കാരിനൊപ്പം പി.ടി.ഐയുടെ ഹര്‍ജിയും തള്ളി. സര്‍ക്കാരിന്റെ വാദങ്ങളൊന്നും കേള്‍ക്കാതെയാണ് ഹര്‍ജി തള്ളിയത്.
ജൂണ്‍ എട്ടിനകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. 2011-ലെ കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങളിലെ ചട്ടം ആറ്് (10), വിദ്യാഭ്യാസ അവകാശത്തിന്റെ മാതൃനിയമത്തെക്കാള്‍ മുന്നോട്ടുപോയെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. അതിനാല്‍ സ്‌കൂളുകള്‍ പൂട്ടുന്നതിന് ഈ ചട്ടം നിബന്ധനയാക്കരുതെന്നും കോടതി പറഞ്ഞു. എന്നാല്‍ ഹൈക്കോടതി വിധിയില്‍ ഈ ചട്ടം വിശകലനം ചെയ്ത രീതി അതിന്റെ ഉദ്ദേശ്യലക്ഷ്യത്തിനുതന്നെ എതിരാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പക്ഷേ അത് മുഖവിലയ്‌ക്കെടുത്തില്ല
കടപ്പാട് : മാതൃഭൂമി