കോഴിക്കോട്: മലാപ്പറമ്പ് സ്‍കൂള്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. സ്കൂള്‍ ഏറ്റെടുക്കുന്നതിനെതിരെ മാനേജര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി.ഉച്ചക്ക് ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് സ്കൂള്‍ ഏറ്റെടുക്കുന്നത്. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിനെതിര മാനേജര്‍ പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളി. സ്കൂള്‍ ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാറിന് മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഉടന്‍ തന്നെ സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലാഭകരമല്ലെന്ന പേരില്‍ അടച്ചു പൂട്ടാനൊരുങ്ങുന്ന സ്കൂളുകള്‍ ഏറ്റെടുക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. സ്കൂളിന്‍റെ സ്ഥലത്തിന് നിലവിലെ വിപണി മൂല്യ പ്രകാരം ജില്ലാ ഭരണകൂടം നേരത്തെ തന്നെ വില നിശ്ചയിച്ചിരുന്നു. ഇത് പ്രകാരമുള്ള നഷ്ടപരിഹാരം മാനേജര്‍ക്ക് നല്‍കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പൊന്നും വില നല്‍കിയാലും സ്കൂള്‍ വിട്ടു നല്‍കില്ലെന്നായിരുന്നു മാനേജരുടെ നിലപാട് .ഇതേ തുടര്‍ന്നാണ് മാനേജര്‍ കോടതിയെ സമീപിച്ചത്. ലാഭകരമല്ലെന്ന പേരിലാണ് സ്കൂള്‍ അടച്ചു പൂട്ടാന്‍ മാനേജര്‍ നീക്കം നടത്തിയത്. ഇതിനെതിരെ നാട്ടുകാരും വിദ്യാര്‍ത്ഥികളും രംഗത്തെത്തുകയും സ്കൂള്‍ സംരക്ഷിക്കാന്‍ സമരം തുടങ്ങുകയും ചെയ്തു. പ്രക്ഷോഭം ശക്തമായതോടെയാണ് സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടതും സ്കൂള്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നതും. മലാപ്പറമ്പ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കലക്‌ട്രേറ്റിലെ താല്‍കാലിക സംവിധാനത്തിലാണ് പഠനം തുടരുന്നത്.