മലപ്പുറം: സ്ഫോടനം നടന്ന മലപ്പുറം കളക്ടറേറ്റ് പരിസരത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവില്‍ വീഡിയോ ദൃശ്യങ്ങളെന്ന് തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍. ഇത്തരം സ്ഫോടനങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന സൂചനയും പെന്‍ഡ്രൈവില്‍നിന്ന് ലഭിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലത്തും മൈസൂരുവിലും അടുത്തിടെ നടന്ന സ്ഫോടനങ്ങള്‍ അടക്കമുള്ളവയുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളാണ് പെന്‍ഡ്രൈവില്‍ ഉള്ളത്. അതില്‍നിന്നാണ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഒരേസംഘം തന്നെയാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ രാജ്യത്തുനടന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പെന്‍ഡ്രൈവിലും ലഘുലേഖകളിലുമുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ബേസ് മൂവ്മെന്റ് എന്ന സംഘടനയാണ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന സൂചനയാണ് സംഭവ സ്ഥലത്തുനിന്ന് ലഭിച്ചത്. ആളപായം ഉണ്ടാകാത്ത തരത്തിലാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് നിഗമനം. കൊല്ലത്തെയും എറണാകുളത്തെയും കളക്ടറേറ്റുകളില്‍ നേരത്തെ നടന്ന സ്ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും ആസൂത്രകരെ കണ്ടെത്താന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും റേഞ്ച് ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.