അല്ലലില്ലാത്ത ഓണം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു: മന്ത്രി ടി പി രാമകൃഷ്ണന്‍.

124

കോഴിക്കോട്: ദുര്‍ബല വിഭാഗങ്ങള്‍ക്കടക്കം അല്ലലില്ലാത്ത ഓണം സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സര്‍ക്കാറെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടാഗോര്‍ സെന്റിനറിഹാളില്‍ ഓണാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയകാലത്തും ഓണത്തിന്റെ പ്രഭമങ്ങാതിരിക്കാന്‍ സാധ്യമായ പ്രവര്‍ത്തനങ്ങളും നടത്തി. 52 ലക്ഷം പേര്‍ക്ക് പ്രതിമാസം 1200 രൂപ നിരക്കില്‍ 3 മസത്തെ ക്ഷേമപെന്‍ഷന്‍ ഒന്നിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചു.

നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാന്‍ നാലായിരത്തോളം ഓണചന്തകള്‍ തുറന്നു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിച്ചു ഗൃഹപ്രവേശനം നടത്തിയും ഓണാഘോഷം നടത്തി. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടെ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങള്‍ പുതിയ വീടുകളിലാണ് ഇത്തവണത്തെ ഓണം ആഘോഷിച്ചത്. പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ കരുത്തേകി ലോകമെങ്ങുമുള്ള മലയാളികള്‍ ഒന്നിച്ചു നില്‍ക്കുന്നുവെന്ന് സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ ഓണം കടന്നുപോകുന്നത്.

മലയാളികളെ ഒന്നിച്ചു നിര്‍ത്തുന്ന ഹൃദയ വികാരമാണ് ഓണം. ഇതിന് ഒരു പോറല്‍പോലുമേറ്റിട്ടില്ലെന്ന് ഓരോഘട്ടത്തിലും നാം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വേര്‍തിരിവുകള്‍ക്കുമപ്പുറം ഒരുമയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന വേളയാണ് ഓരോ ഓണക്കാലവും. മനുഷ്യര്‍ക്കിടയില്‍ വിവേചനവും വേര്‍തിരിവുമില്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്ന സങ്കല്‍പ്പം ഭാവിയെകുറിച്ചുള്ള വലിയ പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. നവകേരള നിര്‍മ്മാണത്തിനിടയിലാണ് ആദ്യം പ്രളയമെത്തിയത്. ഇപ്പോള്‍ പുനര്‍നിര്‍മ്മാണ വേളയില്‍ പ്രളയവും ഉരുള്‍പൊട്ടലും വീണ്ടുമെത്തി. എങ്കിലും ഈ ഓണക്കാലത്തും അതിജീവനത്തിന്റെ സന്ദേശവുമായി ഒന്നിച്ചു നില്‍ക്കുകയാണ് മലയാളികള്‍. ഭിന്നിപ്പിക്കലിന്റെയും വിദ്വേഷത്തിന്റെയും വിത്തുവിതക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കേരളത്തിന്റെ മനസില്‍ ഇടമില്ലെന്ന് കാണിച്ചുകൊടുത്ത ഓണക്കാലം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി സി.പി ബീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എമാരായ വി കെ സി മമ്മദ് കോയ, സി കെ നാണു എന്നിവര്‍ മുഖ്യാതിഥികളായി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ സാവിത്രി ശ്രീധരന്‍, ചലച്ചിത്ര നടി കുട്ട്യേടത്തി വിലാസിനി എന്നിവരെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. സമന്വയ റസിഡന്റ്‌സ് അസോസിയേഷന്‍ വെള്ളിമാട്കുന്ന്, മൊളോയിസ് ക്ലബ് കുരുവട്ടൂര്‍, തിരുവോണം ടീം കുരിക്കത്തൂര്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.

കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ തോമസ് മാത്യു, നമ്പിടി നാരായണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, ടി വി ബാലന്‍, എസ് കെ സജീഷ്, പി ടി ആസാദ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി മുസാഫിര്‍ അഹമ്മദ് സ്വാഗതവും എ ഡി എം റോഷ്‌നി നാരായണന്‍ നന്ദിയും പറഞ്ഞു.

മാനാഞ്ചിറയില്‍ യോഗാചാര്യന്‍ ഉണ്ണിരാമന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പതഞ്ജലി യോഗ സെന്റര്‍ അവതരിപ്പിച്ച യോഗയും ഗ്രാന്റ് മാസ്റ്റര്‍ ടി വി അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ ഷാവോലിന്‍ യിങ് യാങ് കുങ്ഫൂ ടീം കാലിക്കറ്റിന്റെ കുങ്ഫൂ പ്രദര്‍ശനവും നടന്നു. തുടര്‍ന്ന് കൊയിലാണ്ടി ഖാലിദ് ഗുരുക്കളും സംഘവും അവതരിപ്പിച്ച കോല്‍ക്കളിയും വടകര പ്രസന്നയും സംഘവും അവതരിപ്പിച്ച മാപ്പിള ഗാനമേള- ഇശല്‍ തേന്‍ കണം അരങ്ങേറി. എന്‍ഐടി കാദംബരി കലാക്ഷേത്ര അവതരിപ്പിച്ച യക്ഷനാരി നാടകത്തോടെ ടൗണ്‍ഹാളിലെ നാടകോത്സവത്തിനും സമാപനമായി.

രാജേഷ് ഇരുളം സംവിധാനം ചെയ്ത നാടകത്തിന് ഹേമന്ത് കുമാറാണ് രചന നിര്‍വഹിച്ചത്. കുറ്റിച്ചിറയില്‍ നടന്ന പരിപാടിയില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിച്ചു. മ്യൂസിക് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗാനമേളയും അരങ്ങേറി. ടാഗോർ ഹാളിൽ ഭാരത് ഭവൻ ആഭിമുഖ്യത്തിൽ രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച നൃത്തോത്സവവും അരങ്ങേറി

NO COMMENTS