കാസര്‍ഗോഡ്: മംഗളൂരുവിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹോസ്റ്റലിലും താമസസ്ഥലങ്ങളിലുമായി കുടുങ്ങിയ പെണ്‍കുട്ടികളടക്കമുള്ള മലയാളിവിദ്യാര്‍ഥികളെ കെഎസ്ആര്‍ടിസി പ്രത്യേക ബസുകളില്‍ നാട്ടിലെത്തിച്ചു. കേരള സര്‍ക്കാര്‍ ഇടപെട്ട് പ്രത്യേക കെഎസ്ആര്‍ടിസി ബസുകളിലാണ് മുന്നൂറോളം വിദ്യാര്‍ഥികളെ കൊണ്ടുവന്നത്. വിദ്യാര്‍ഥികളെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു എന്നിവരുടെ നേതൃത്വത്തില്‍ മധുരം നല്കി സ്വീകരിച്ചു.
മംഗളൂരു പമ്പ് വേൽ സര്‍ക്കിളില്‍നിന്ന് പുറപ്പെട്ട അഞ്ച് കെഎസ്ആര്‍ടിസി ബസുകള്‍ വൈകുന്നേരം ഏഴോടെ കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡില്‍ എത്തി. പമ്പ് വേൽ മുതല്‍ തലപ്പാടി വരെ കര്‍ണാടക പോലീസും പിന്നീട് കാസര്‍ഗോഡ് വരെ കേരള പൊലീസും ബസുകള്‍ക്ക് സുരക്ഷയൊരുക്കിയിരുന്നു. പോലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലായിരുന്നു ബസുകള്‍ മംഗളൂരുവിലേക്ക് പോയത്.
മംഗളൂരുവിലെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കര്‍ഫ്യൂവും നിരോധനാജ്ഞയും കാരണം ഹോസ്റ്റലുകളില്‍ കുടുങ്ങിയത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കാത്തതിനാലാണ് വിദ്യാര്‍ഥികളില്‍ പലരും ഹോസ്റ്റലില്‍ തങ്ങിയത്. ഇനി ആരെങ്കിലും മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു.