ടോള്‍ ബൂത്തുകളില്‍ സൈന്യം പരിശോധന നടത്തി; രാത്രിയിലും ഓഫിസില്‍ തങ്ങി മമതയുടെ പ്രതിഷേധം

357

കൊല്‍ക്കത്ത• ബംഗാളില്‍ ദേശീയ പാതയിലെ ടോള്‍ ബൂത്തുകളില്‍ സൈന്യം വാഹനപരിശോധന നടത്തിയതിനെച്ചൊല്ലിയാണ് ഇരുകൂട്ടരും വീണ്ടും ഉരസിയത്. സംസ്ഥാനസര്‍ക്കാരിന്റെ അനുമതി തേടാതെയാണ് സെക്രട്ടേറിയറ്റിന് മുന്നിലടക്കം സൈന്യത്തെ വിന്യസിച്ചതെന്നും ഇത് തനിക്കെതിരായ ഗൂഢാലോചനയാണെന്നും മമത ആരോപിച്ചു. തുടര്‍ന്ന് സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി രാത്രി മുഴുവന്‍ ഓഫിസില്‍ ചെലവഴിച്ച മമത, താമസസ്ഥലത്തേക്ക് മടങ്ങാന്‍ വിസമ്മതിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ പത്രസമ്മേളനം വിളിച്ചാണ് താന്‍ രാത്രി ഓഫിസില്‍ തങ്ങുന്ന കാര്യം മമത പ്രഖ്യാപിച്ചത്. സൈന്യത്തെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും അവര്‍ മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് താന്‍ ഓഫിസില്‍ തന്നെ തങ്ങുകയാണെന്ന് മമത വ്യക്തമാക്കിയത്. സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷയാണ് ഞാന്‍. അവരെ അരക്ഷിതരാക്കിയിട്ട് ഓഫിസ് വിടാന്‍ എനിക്കാകില്ല. രാത്രി മുഴുവന്‍ ഇവിടെ ചെലവഴിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് എന്റെ തീരുമാനം – മമത പറഞ്ഞു. തുടര്‍ന്ന് അര്‍ധരാത്രിക്കുശേഷം സെക്രട്ടറിയേറ്റിന് മുന്നിലെ ടോള്‍ ബൂത്തില്‍ നിന്ന് സൈനികരെ പിന്‍വലിച്ചു. ഇവരെ ഇന്ന് മറ്റിടങ്ങളില്‍ വിന്യസിക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു. ദേശീയപാതയിലെ ട്രക്കുകളുടേയും ട്രെയിലറുകളുടേയും കണക്കെടുക്കുന്ന സാധാരണ പരിശീലന നടപടിയാണ് ബംഗാളില്‍ നടത്തിയതെന്നും സൈന്യം അവകാശപ്പെട്ടു. അരുണാചല്‍, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര, മിസോറം എന്നിവിടങ്ങളിലും പരിശോധന തുടരുകയാണെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം, നോട്ട് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിനുള്ള പ്രതികാരമാണിതെന്ന നിലപാടിലാണ് മമത. എന്നാല്‍, മമതയ്ക്ക് ബുദ്ധിസ്ഥിരതയില്ലെന്നും തൃണമൂല്‍ പ്രവര്‍ത്തകര്‍ എത്രയും വേഗം അവരെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY