കോൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കേതിരേ ബംഗാളിലെ സിലിഗുരുവിൽ നടത്തിയ റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാൻ അംബാസിഡറാണോയെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരിഹാസം.
പ്രതിപക്ഷം പാക്കിസ്ഥാനെതിരേ പ്രതികരിക്കുന്നില്ലെന്ന മോദിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്കുള്ള മറുപടി കൂടിയായി മമതയുടെ പരിഹാസം. എന്തുകൊണ്ടാണ് മോദി എപ്പോഴും പാക്കിസ്ഥാനുമായി താരതമ്യം ചെയ്ത് കാര്യങ്ങൾ പറയുന്നത്. ഇന്ത്യയെക്കുറിച്ച് സംസാരിക്കാൻ തയാറാകണം. പാക്കിസ്ഥാനേക്കുറിച്ച് തങ്ങൾക്ക് കേൾക്കേണ്ടതില്ലെന്നും എല്ലാ ദിവസവും പാക്കിസ്ഥാനേക്കുറിച്ച് സംസാരിക്കാൻ പാക്കിസ്ഥാൻ അംബാസിഡറാണോ മോദിയെന്നും മമത ചോദിച്ചു.
കഴിഞ്ഞ ദിവസം കർണാടകയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി പാക്കിസ്ഥാനെതിരേയും പ്രതിപക്ഷത്തിനെതിരേയും രംഗത്തു വന്നിരുന്നു. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാക്കിസ്ഥാന്റെ നയങ്ങൾക്ക് എതിരേ കോണ്‍ഗ്രസും മറ്റുള്ളവരും പ്രതിഷേധിക്കണമെന്നും മോദി പറഞ്ഞിരുന്നു.
പാക്കിസ്ഥാൻ ഹിന്ദുക്കളേയും സിഖുകാരേയും ദ്രോഹിക്കുകയാണ്. ഇതിനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നും പ്രധാനമന്ത്രി പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു.