കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ ആക്രണങ്ങളിൽ 54 പ്രവർത്തകർ കൊല്ലപ്പെട്ടെന്ന ബിജെപി നേതാക്കൾ അവകാശപ്പെട്ടതും ഇവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതുമാണ് മമതയുടെ പിന്മാറ്റത്തിന് കാരണം.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് താൻ പങ്കെടുക്കാൻ ശ്രമിക്കുമെന്നും അത് ഭരണഘടനാ ചുമതലയാണെന്നും മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോൾ ട്വിറ്റിറിലൂടെയാണ് മമത തന്റെ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. ഒരു സത്യപ്രതിജ്ഞാ ചടങ്ങ് ജനാധിപത്യത്തിന്റെ ആഘോഷമാക്കി മാറ്റുകയാണ് വേണ്ടത് അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ തരംതാഴ്ത്താനുള്ള ചടങ്ങാക്കുകയല്ല. ഇങ്ങനെ പറഞ്ഞാണ് മമതയുടെ ട്വീറ്റ്.
പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ, ഭരണഘടനാപരമായ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു എന്റെ പദ്ധതി. എന്നാൽ കഴിഞ്ഞ ഒരു മണിക്കൂറിൽ മാധ്യമങ്ങളിൽ എനിക്ക് കാണാനായത് ബംഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ 54 പേർ കൊല്ലപ്പെട്ടതായി ബിജെപി പറയുന്നു. ഇത് പൂർണ്ണമായും അവാസ്തവമാണ്. ബംഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങളില്ല. ഈ പറയുന്ന കൊലപാതകങ്ങളൊക്കെ വ്യക്തിവൈരാഗ്യം മൂലവും കുടുംബ പ്രശ്നങ്ങൾ കാരണവും മറ്റു തർക്കങ്ങളും വഴി ഉണ്ടായതാണ്. ഒരു രാഷ്ട്രീയ ബന്ധവും ഇതിനില്ല. അത് കൊണ്ട് ക്ഷമിക്കണം നരേന്ദ്ര മോദിജീ, ഇതെന്നെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ നിർബന്ധിതമാക്കിയെന്നും മമത തന്റെ ട്വീറ്റിൽ കുറിച്ചു.