കോട്ടയം • ഒന്‍പതുമാസത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ കുഞ്ഞു ദേവാനന്ദിന്റെ മുഖത്തു പാല്‍പ്പുഞ്ചിരി. തെരുവുനായ കടിച്ചുകുടഞ്ഞതിന്റെ ഭയത്തില്‍നിന്നുള്ള വേദനകള്‍ അവന്‍ മറന്നുതുടങ്ങുകയാണ്. ഇന്നുമുതല്‍ വീടിനടുത്തുള്ള അങ്കണവാടിയിലേക്കു പുത്തന്‍ കൂട്ടുകാര്‍ക്കൊപ്പം. വേദനയില്‍ കൂട്ടായിനിന്ന പ്രിയപ്പെട്ട മമ്മൂക്കയെ കാണാനും ആദ്യമായി അങ്കണവാടിയിലേക്കു പോകുന്നതിന്റെ വിശേഷമറിയിക്കാനുമാണ് അവന്‍ എത്തിയത്.
കോതമംഗലം തൃക്കാരുകുടിയില്‍ രവീന്ദ്രന്റെയും അമ്ബിളിയുടെയും മകനാണ് ദേവാനന്ദ്. സെപ്റ്റംബര്‍ ആറിന് ഉച്ചയ്ക്കു മുറ്റത്തുനിന്നു കളിക്കുകയായിരുന്ന ദേവാനന്ദിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
ഇടതു കണ്ണിന്റെ മേല്‍പ്പോളയും വലതു കണ്ണിന്റെ താഴത്തെ പോളയും നായയുടെ കടിയേറ്റ് അറ്റുപോവുന്ന നിലയിലായിരുന്നു. ഇടതുകണ്ണില്‍ കണ്ണുനീര്‍ ഗ്രന്ഥിയിലേക്കുള്ള ഞരമ്ബുകള്‍ മുറിഞ്ഞു. കൈകാലുകള്‍ക്കും പരുക്കേറ്റു.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ചികിത്സകള്‍ ചെയ്തു. പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനാക്കി. മാധ്യമങ്ങളിലൂടെ ഇക്കാര്യമറിഞ്ഞ ചലച്ചിത്രതാരം മമ്മൂട്ടി അവനെ കാണാനെത്തി. അവന്റെ മുന്നോട്ടുള്ള ചികിത്സാ ചെലവുകള്‍ അദ്ദേഹം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വിദഗ്ധ ഡോക്ര്‍മാരെ കാണുകയും ചെയ്തു.
സിഎംഎസ് കോളജിലെ ഷൂട്ടിങ് ലൊക്കേഷനില്‍ രണ്ടരയോടെയാണ് ദേവാനന്ദും മാതാപിതാക്കളുമെത്തിയത്. നോമ്ബുതുറക്കുന്നതിനുള്ള വിഭവങ്ങളുമായി എത്തിയ ഇവരെ ഷൂട്ടിങ്ങിനുശേഷം മടങ്ങിയെത്തിയ മമ്മൂട്ടി സ്വീകരിച്ചു. അങ്കണവാടിയില്‍ ചേരാന്‍ പോകുന്നതിനു മുന്നോടിയായി മമ്മൂട്ടിയെ കണ്ടു സന്തോഷം പങ്കുവയ്ക്കുകയായിരുന്നു ലക്ഷ്യം.
ദേവാനന്ദിനെ കയ്യിലെടുത്ത മമ്മൂട്ടി കുട്ടിയുടെ മുഖത്തെ മുറിവുകള്‍ പരിശോധിച്ചശേഷം തുടര്‍ചികിത്സയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പുനല്‍കി. സമ്മാനമായി ബാഗും പഠനോപകരണങ്ങളും മമ്മൂട്ടി ദേവാനന്ദിനു നല്‍കി. ഇവര്‍ക്കൊപ്പം ചിത്രമെടുക്കാനും മമ്മൂട്ടി സമയം കണ്ടെത്തി.
തെരുവുനായയുടെ ആക്രമണത്തില്‍ ഭയന്നുപോയ ദേവാനന്ദ് ഇപ്പോഴും രാത്രിയില്‍ ഭയന്നു നിലവിളിക്കാറുണ്ടെന്ന് അമ്മ അമ്ബിളി പറഞ്ഞു. എന്നാല്‍ ഇനി കണ്ണുനീര്‍ ഗ്രന്ഥിയിലേക്കുള്ള ഞരമ്ബുകള്‍ ശസ്ത്രക്രിയ ചെയ്തു യോജിപ്പിക്കണമെങ്കില്‍ അവനു പത്തുവയസ്സ് കഴിയണം. ആക്രമണത്തില്‍ പരുക്കേറ്റ കണ്ണ് പൂര്‍ണമായും സുഖപ്പെടാന്‍ വീണ്ടും പരിശോധനകള്‍ നടത്തണമെന്നും അമ്ബിളി പറഞ്ഞു. കുടുംബത്തിനൊപ്പം കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍മാരായ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, റോബര്‍ട്ട് കുര്യാക്കോസ്, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവരും എത്തിയിരുന്നു.
daily hunt