ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിദേശരാജ്യങ്ങളില്‍ നിന്നും ഇതുവരെ കള്ളപ്പണം പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും കള്ളപ്പണം പിടിക്കുകയാണെന്ന പേരുപറഞ്ഞ് കേന്ദ്രം ഭരിക്കുന്ന ബിജെപി സ്വത്തുക്കള്‍ വാരിക്കൂട്ടി മുതലാളിമാരാവുകയാണെന്നും മമത പറഞ്ഞു. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മമത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. നോട്ടു അസാധുവാക്കലിന് ശേഷം മമത നിരവധി തവണ വിമര്‍ശനങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. 90 ശതമാനം ആളുകളും നോട്ട് പിന്‍വലിക്കലിന് ശേഷം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും സാധാരണക്കാര്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ട് എന്ന് തീരുമെന്ന് അറിയില്ലെന്നും മമത കുറ്റപ്പെടുത്തി. ഈ കറുത്ത തീരുമാനം കാരണം രാജ്യത്ത് എന്ത് നന്മയാണ് ഉണ്ടായതെന്ന് ആര്‍ക്കും അറിയില്ലെന്നും അവര്‍ പറഞ്ഞു.