ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിനു എത്തുന്ന അയ്യപ്പന്മാരെ സ്വീകരിക്കാൻ പൂർണ്ണ സജ്ജരായി ജില്ലാ ഭരണകൂടം. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ സുരക്ഷ സംബന്ധിച്ച യോഗം ഇന്നു(15) പമ്പയിൽ ചേരും. ആരോഗ്യം, ദുരന്തനിവാരണം, ഭക്ഷ്യ-സുരക്ഷ, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെയെല്ലാം മൂന്നൊരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ലീഗൽ മെട്രോളജി, സിവിൽ സപ്പ്ളൈസ്, റവന്യു, ഹെൽത്ത് തുടങ്ങിയ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്ന കളക്ടറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്, മണ്ഡലകാല പ്രവർത്തനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.സൂക്ഷ്മ പഠനങ്ങൾക്ക് ശേഷം നിശ്ചയിക്കപ്പെട്ട അവശ്യവസ്തുക്കളുടെ വിലനിലവാരപ്പട്ടിക ജില്ലാ കളക്ടർ പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരം പുറത്തിറക്കിയ പട്ടിക അഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചു. ഇവ തീർഥാടകർക്ക് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കപ്പെടുന്നു ണ്ടെന്നും അമിത വില ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തും.
സ്റ്റീൽ, ചെമ്പ്, പിത്തള തുടങ്ങിയ പാത്രങ്ങൾക്കും കളക്ടർ നില നിശ്ചയിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് ഗ്യാസ് സിലിണ്ടറിൽ കൂടു തൽ കൈവശം വക്കാൻ വ്യാപാരസ്ഥാപനങ്ങൾക്ക് അനുമതിയില്ല. വിപണിയിൽ കൃത്യമായി അളവും തൂക്കവും പാലിക്കപ്പെടുന്നു ണ്ടോയെന്ന് പരിശോധിക്കാൻ ലീഗൽ മെട്രോളജി വകുപ്പിന്റെ നാല് സ്‌ക്വാഡുകൾ ശബരിമലയിൽ തയ്യാറാണ്. മുദ്ര പതിക്കാത്ത അളവുപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധന നടത്തും.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ മൂന്ന് ആശുപത്രികളും നീലിമല,അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കാർഡിയോളജി സെന്ററുകളും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ജീവനക്കാരും ടൈഫോയിഡ് വാക്‌സിനേഷൻ കാർഡും ഹെൽത്ത് കാർഡും നിർബന്ധമായും കയ്യിൽ കരുതണം. സർക്കാർ ക്യാന്റീനുകളും സ്ഥാപനങ്ങളും അടക്കമുള്ള ഇടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും.
പുകയില നിരോധിത മേഖലയായ ശബരിമലയിൽ നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയാൻ പരിശോധനകൾ കർശനമാക്കും. എമർജൻസി മെഡിക്കൽ സെന്ററുകൾ ഇന്ന് (15) മുതൽ പ്രവർത്തനം ആരംഭിക്കും. പമ്പ, നിലയ്ക്കൽ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ചെയിൻ സർവീസുകളും ചാർട്ടേർഡ് സർവീസുകളും അടക്കമുള്ള ക്രമീകരണങ്ങളും ഗ്രൂപ്പ് ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് സംവിധാനങ്ങളും ഒരുക്കി കെഎസ്ആർടിസിയും പത്തനംതിട്ടയിലേക്ക് തീർഥാടകരെ വരവേൽക്കാൻ സന്നദ്ധരായി കഴിഞ്ഞു.