നെടുങ്കണ്ടം: രാജ്കുമാറിന്റെ കസ്റ്റഡിമരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പോലീസുകാരെ ജാമ്യത്തിലിറക്കാന്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും കമ്പംമെട്ട് പോലീസ് സ്റ്റേഷനിലും നിര്‍ബന്ധിത പണപ്പിരിവ്. രണ്ട് സ്റ്റേഷനുകളിലെയും ഓരോ പോലീസുകാരില്‍നിന്നും 5000 മുതല്‍ 10,000 രൂപവരെയാണ് രണ്ട് മുതിര്‍ന്ന പോലീസുകാരുടെ നേതൃത്വത്തില്‍ പിരിക്കുന്നത്.
കസ്റ്റഡിമരണക്കേസില്‍ നെടുങ്കണ്ടം മുന്‍ എസ്.ഐ. കെ.എ.സാബു, എ.എസ്.ഐ. സി.ബി.റെജിമോന്‍, പോലീസ് ഡ്രൈവര്‍മാരായ സജീവ് ആന്റണി, പി.എസ്.നിയാസ്, എ.എസ്.ഐ.യും റൈറ്ററുമായ റോയി പി.വര്‍ഗീസ്, സി.പി.ഒ. ജിതിന്‍ കെ.ജോര്‍ജ്, ഹോംഗാര്‍ഡ് കെ.എം.ജെയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതില്‍ എസ്.ഐ. കെ.എ.സാബു, പോലീസ് ഡ്രൈവര്‍ സജീവ് ആന്റണി, എ.എസ്.ഐ. സി.ബി.റെജിമോന്‍, സി.പി.ഒ. ജിതിന്‍ കെ.ജോര്‍ജ് എന്നിവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ജാമ്യം കിട്ടിയിരുന്നു. ബാക്കിയുള്ള പോലീസുകാരെ കൂടി ജാമ്യത്തിലിറക്കുന്നതിനുവേണ്ടിയാണ് തുക യെന്നാണ് പറയുന്നത്. പിരിച്ച തുക റിമാന്‍ഡിലുള്ള പോലീസുകാരുടെ ബന്ധുക്കളെ ഏല്‍പ്പിച്ചു.
കമ്പംമെട്ടിലും പിരിവ് നടത്താന്‍ ചില പോലീസുകാരെ നിയോഗിച്ചിരുന്നു. എന്നാല്‍ സ്ഥലംമാറിയെത്തിയ പോലീസുകാരില്‍ ചിലര്‍ തുക നല്‍കാന്‍ തയ്യാറായില്ല. പിരിവ് നല്‍കാത്തവരെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കാന്‍ സേനയ്ക്കുള്ളില്‍ ശ്രമം നടക്കുന്നതായി കേസിന്റെ തുടക്കത്തിലേ ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് പോലീസുകാരെ ജാമ്യത്തിലിറക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായത്.