ന്യുഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കു നേരെ പ്രതിഷേധം. ലഫ്.ഗവര്‍ണര്‍ നജീബ് ജംഗിന്‍റെ വസതിക്കു പുറത്തു സിസോദിയയ്ക്കു നേരെ മഴിയൊഴിച്ചു. തിങ്കളാഴ്ച രാവിലെ ലഫ്.ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം.ഡല്‍ഹിയില്‍ ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്പോള്‍ ആം ആദ്മി മന്ത്രിമാര്‍ സ്ഥലത്തില്ലാതിരുന്നതിലാണ് പ്രതിഷേധമെന്ന് മഷിയൊഴിച്ച ബ്രജേഷ് ശുക്ല പറഞ്ഞു. തനിക്ക് ഒരു കക്ഷിയുമായി രാഷ്ട്രീയ ബന്ധമില്ല. ജനങ്ങള്‍ ദുരിതമനുഭവിക്കുന്പോള്‍ സിസോദിയ തങ്ങളുടെ പണം ഉപയോഗിച്ച് വിദേശത്ത് പോവുകയാണെന്നും ബ്രജേഷ് ശുക്ല ആരോപിച്ചു.തലസ്ഥാനം പനിച്ചൂടില്‍ വിറയ്ക്കുന്പോള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രിയുമടക്കമുള്ളവര്‍ സ്ഥലത്തില്ലാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്‍റെ കൂടി ചുമതലയുള്ള സിസോദിയ ഫിന്‍ലാന്‍ഡില്‍ സന്ദര്‍ശനത്തിന് പോയതാണ് വിമര്‍ശനം ശക്തമാക്കിയത്. സന്ദര്‍ശനം റദ്ദാക്കി ഉടന്‍ മടങ്ങിവരാനും സിസോദിയയ്ക്ക് ലഫ്.ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.