ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ഗവര്‍ണറുടെ ക്ഷണം. 18-ാം തിയ്യതിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കാനാണ് തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയ കോണ്‍ഗ്രസിനോട് ഗവര്‍ണര്‍ നജ്മ ഹെബ്തുള്ള ആവശ്യപ്പെട്ടത്. കേവല ഭൂരിപക്ഷം ഇല്ലാത്ത കോണ്‍ഗ്രസിന് ഭൂരിപക്ഷം തെളിയിക്കുക എന്നത് വലിയ കടമ്പയാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ബിജെപിയും കോണ്‍ഗ്രസും ഗവര്‍ണര്‍ നജ്മ ഹെബ്തുള്ളയെ കണ്ടിരുന്നു. മണിപ്പൂരിലെ 60 നിയമസഭാ സീറ്റില്‍ കേവല ഭൂരിപക്ഷത്തിന് 31 അംഗങ്ങളുടെ പിന്തുണ വേണ്ടയിടത്ത് 28 ഇടങ്ങളിലാണ് കോണ്‍ഗ്രസ് ജയിച്ചിരിക്കുന്നത്. ആദ്യമായി മണിപ്പൂരില്‍ താമര വിരിയിച്ച ബിജെപിക്ക് 21 സീറ്റാണുള്ളത്. 31 നിയമസഭാംഗങ്ങള്‍ ഒപ്പമുണ്ടെന്ന് ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ബിജെപി അവകാശപ്പെടുന്നുണ്ട്. എന്‍പിപി, എല്‍ജിപി പാര്‍ട്ടികളുടെ പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിങ്ങിന്റെ ആവശ്യം. 15 വര്‍ഷമായി മണിപ്പൂരില്‍ അധികാരത്തിലുള്ള കോണ്‍ഗ്രസ് ഇക്കുറിയും ഭരണം നിലനിര്‍ത്താനാവുമെന്നാണ് അദ്ദേഹം ഗവര്‍ണറെ അറിയിച്ചത്.
കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപി രണ്ടാം സ്ഥാനത്തെത്തിയിട്ടും മണിപ്പൂരില്‍ ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ ക്ഷണം. 18ന് ഉള്ളില്‍ മൂന്ന് പേരെ ഒപ്പം നിര്‍ത്താനായാല്‍ കോണ്‍ഗ്രസിന് മണിപ്പൂരില്‍ ഭരണത്തുടര്‍ച്ച കിട്ടും.