ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയമിക്കാം – മണിശങ്കര്‍ അയ്യര്‍

162

ദില്ലി:ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയമിക്കാം, പക്ഷെ ഗാന്ധി കുടുംബത്തിന്റെ സജീവമായ ഇടപെടല്‍ പാര്‍ട്ടിയില്‍ തുടരണമെന്നാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മണി ശങ്കര്‍ അയ്യറുടെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കുമെന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച്‌ നില്‍ക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി മണിശങ്കര്‍ അയ്യര്‍.

രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരുന്നതാണ് ഏറ്റവും ഉചിതം, പക്ഷെ രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങളെയും ബഹുമാനിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധികുടുംബത്തില്‍ നിന്നൊരാള്‍ നേതൃസ്ഥാനത്തില്ലെങ്കിലും പാര്‍ട്ടി മുന്നേറും, എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ സജീവമായ ഇടപെടല്‍ ഉണ്ടാകണം, രൂക്ഷമായ ഭിന്നതളും പ്രതിസന്ധികളും പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്നും മണി ശങ്കര്‍ അയ്യര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്നതു പോലെ ഗാന്ധി മുക്ത കോണ്‍ഗ്രസും ബിജെപിയുടെ ലക്ഷ്യമാണെന്നാണ് കരുതുന്നത്. ബിജെപിയുടെ കെണിയില്‍ കെണിയില്‍ കോണ്‍ഗ്രസ് വീണ് പോകരുത്, നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ളവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ടെന്നും മണി ശങ്കര്‍ അയ്യര്‍ ഓര്‍മിപ്പിച്ചു. രാഹുല്‍ ഗാന്ധി വാശി തുടര്‍ന്നാല്‍‌ വീണ്ടും ആ രീത തുടരാമെന്നും മണി ശങ്കര്‍ അയ്യര്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് ശക്തമായ തിരിച്ച്‌ വരവ് നടത്തുമെന്നും ഇന്ത്യയെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതമായ കൈകളില്‍ പാര്‍ട്ടിയെ ഏല്‍പ്പിക്കാതെ രാഹുല്‍ ഗാന്ധിക്ക് സ്ഥാനമൊഴിയാനാവില്ലെന്ന് മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്ലിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളടക്കം അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ രാഹുല്‍ ഗാന്ധി തയാറായിട്ടില്ല. ദേശീയ നേതൃത്വത്തിലെ അനിശ്ചിതത്വം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

NO COMMENTS