കാസറഗോഡ് : ജില്ലയുടെ അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്ന് ഡയാലിസിസ് കേന്ദ്രം തയ്യാറായി. ആരോഗ്യസേവനങ്ങള്‍ക്കായി മംഗലാപുരം, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന വടക്കന്‍മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന ഡയാലിസിസ് കേന്ദ്രം ഈ മാസം 22ന് നാടിന് സമര്‍പ്പിക്കും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്വപ്ന പദ്ധതി മംഗല്‍പ്പാടിയിലെ താലൂക്ക് ആശുപത്രി കോംപൗണ്ടിലാണ് പ്രവര്‍ത്തന സജ്ജമായത്.
കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി കൊട്ടിയടച്ചപ്പോള്‍ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശ്രയിച്ചിരുന്ന മഞ്ചേശ്വരത്തെയും മറ്റു ഭാഗങ്ങളിലെയും ജനങ്ങള്‍ വളരെയധികം പ്രയാസമാണ് നേരിട്ടത്. ചികിത്സ നിഷേധം മൂലം ഒരുപാട് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവും എം സി കമറുദ്ദീന്‍ എംഎല്‍എയും ബ്ലോക്ക് പഞ്ചായത്തും ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ച് പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് പറഞ്ഞു.
അന്തരിച്ച എംഎല്‍എ പി ബി അബ്ദുല്‍ റസാഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ഉപ്പളയിലെ വ്യവസായിയും ഐഷ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് 80 ലക്ഷം രൂപയോളം വിലവരുന്ന 10 ഡയാലിസിസ് മെഷിനുകള്‍ സൗജന്യമായി നല്‍കിയതോടെ നടപടികള്‍ വേഗത്തിലായി.
വൈദ്യുതീകരണം, ട്രാന്‍സഫോര്‍മര്‍ സ്ഥാപിക്കല്‍, ജനറേറ്റര്‍, പ്ലംബിങ്, എയര്‍ കണ്ടീഷന്‍ തുടങ്ങിയവയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അമ്പത് ലക്ഷം രൂപയോളം ചെലവഴിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ആര്‍ഒ പ്ലാന്റ്, ഡയാലിസിസ് സെന്ററിലെ ഇരിപ്പിട സൗകര്യം എന്നിവ തയ്യാറാക്കിയിട്ടുള്ളത്. രോഗികള്‍ക്കുള്ള കിടക്ക, കട്ടില്‍, മറ്റുപകരണങ്ങള്‍ എന്നിവ കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തിയാണ് ഒരുക്കിയത്.
പാവപ്പെട്ടവര്‍ക്ക് സൗജന്യം
ബിപിഎല്‍ വിഭാഗം, എസ്സി, എസ്ടി തുടങ്ങിയ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാണ്.ബ്ലോക്ക് പരിധിയില്‍ നിലവില്‍ 150 ഓളം വൃക്ക രോഗികളാണ് ആഴ്ച്ചയില്‍ മൂന്ന് പ്രാവശ്യം കാസര്‍കോട്, മംഗലാപുരം ഭാഗത്തുള്ള സ്വകാര്യ ആശുപത്രികളില്‍ യാത്രാക്ലേശം സഹിച്ച് ഡയാലിസിസിനായി പോവുന്നത്.
രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും ആദ്യഘട്ടത്തില്‍ 90 പേര്‍ക്ക് മൂന്ന് ഷിഫ്റ്റുകളിലായി സേവനം ലഭിക്കും. എല്ലാ രോഗികള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ 250 രൂപയാണ് ഡയാലിസിസിന് ഈടാക്കുക. ബ്ലോക്ക് പഞ്ചാത്ത് ഭരണ സമിതിയുടെ കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള പരിശ്രമത്തിന്റെ പരിസമാപ്തി കൂടിയാണ് ഈ ഡയാലിസിസ് സെന്ററെന്ന് എകെഎം അഷ്റഫ് പറഞ്ഞു. ചികിത്സ കൂടാതെ വൃക്ക രോഗികള്‍ക്കായി സമാശ്വാസപ്രവര്‍ത്തനങ്ങളും വൃക്കരോഗത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുളെ കുറിച്ച് ബോധവത്കരണവും ഡയാലിസിസ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടത്തിപ്പിന് മഞ്ചേശ്വരം ചാരിറ്റബിള്‍ സൊസൈറ്റി
ഡയാലിസിസ് സെന്റര്‍ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക നിയമാവലിയോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി മഞ്ചേശ്വരം ചാരിറ്റബള്‍ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, എച്ച്എംസി പ്രതിനിധികള്‍ തുടങ്ങി 250 അംഗങ്ങളുള്ള ഈ സോസൈറ്റിയുടെ നിയന്ത്രണത്തിലായിരിക്കും സെന്റര്‍ പ്രവര്‍ത്തിക്കുക. മുന്‍ എംഎല്‍എയുടെ സ്മരണക്കായി പി ബി അബ്ദുല്‍ റസാഖ് മെമോറിയല്‍ ഡയാലിസിസ് സെന്റര്‍ എന്ന പേരിലായിരിക്കും ഈ കേന്ദ്രം അറിയപ്പെടുക.