മഞ്ചേശ്വരം താലൂക്ക് അദാലത്ത് ; 14 പരാതികളില്‍ നടപടി

15

കാസറഗോഡ് : ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച മഞ്ചേശ്വരം താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 14 പരാതികള്‍ പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

കാസര്‍കോട് ഗവ. അന്ധ വിദ്യാലയത്തില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിച്ച മകന് താമസിച്ച് പഠിക്കാന്‍ ഹോസ്റ്റല്‍ സൗകര്യം ആവശ്യപ്പെട്ട് കൊടിയമ്മയിലെ ജയന്തി സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി. ഗവ. അന്ധവിദ്യാലയത്തില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് താമസിക്കുന്നതിന് അനുമതിയുള്ളത്. അതിനാല്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ ഹോസ്റ്റല്‍ പ്രവേശനത്തിന് സര്‍ക്കാറിന്റെ പ്രത്യേക അനുമതി തേടിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പരിചരിക്കാനായി സര്‍ക്കാര്‍ നല്‍കിവരുന്ന ആശ്വാസ കിരണം പെന്‍ഷന്‍ മൂന്ന് വര്‍ഷമായി ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് കുഞ്ചത്തൂരിലെ സറീന അദാലത്തിനെ സമീപിച്ചത്. 2017 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ അയച്ച ധനസഹായമായ 3000 രൂപ മടങ്ങിവന്നതായി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ അറിയിച്ചു. തുടര്‍ന്ന്, ഇതുവരെ ലഭിക്കാനുള്ള മുഴുവന്‍ തുകയും ഉടന്‍ ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി മിയ്യപദവിലെ ടി.ഡി സന്തോഷ് നല്‍കിയ പരാതിയില്‍ 10 ലക്ഷം രൂപ മുതല്‍ മുടക്കി ട്രാന്‍സ്ഫോമറും കേബിള്‍ലൈനും ലഭ്യമാക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നാട്ടുകാര്‍ ഒരു സെന്റ് സ്ഥലം നല്‍കി, ആവശ്യമായ സ്ഥലങ്ങളിലെ മരങ്ങള്‍ വെട്ടിമാറ്റിയാല്‍ പ്രശ്നം പരിഹരിക്കാമെന്ന് കളക്ടര്‍ അറിയിച്ചു. ജനുവരി 22ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും.

പതിച്ച് കിട്ടിയ സ്ഥലത്ത് പ്രവേശിക്കുന്നതിന് വഴി അനുവദിക്കണം എന്നതായിരുന്നു കാസര്‍കോട് രാംദാസ് നഗറിലെ വാസന്തിയുടെ ആവശ്യം. ഈ പ്രദേശത്തേക്ക് നടവഴി ഒരുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അദാലത്തില്‍ എ.ഡി.എം എന്‍. ദേവീദാസ്, മഞ്ചേശ്വരം തഹസില്‍ദാര്‍ എം.ജെ ഷാജുമോന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS