കാസര്‍കോട്: ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരംതാലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര നടത്തി. ആകെ ലഭിച്ച 53 പരാതികളില്‍ 45 എണ്ണം തീര്‍പ്പ് കല്‍പ്പിച്ചു. അവശേഷിക്കുന്ന പരാതികളില്‍ എട്ട് എണ്ണം തുടര്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി ആകെ ലഭിച്ച പരാതികളില്‍, 31 എണ്ണത്തില്‍ പരാതിക്കാരുമായി കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ച്,പ്രശ്‌നം പരിഹാരം നിര്‍ദേശിച്ചു.
അദാലത്തില്‍ ലഭിച്ച പരാതിയില്‍ അധികവും വോള്‍ട്ടേജ് പ്രശ്‌നം, റോഡ് അഭിവൃദ്ധിപ്പെടുത്തല്‍,കുടിവെള്ളം എന്നിവയുമായി ബന്ധപ്പട്ട പരാതികളായിരുന്നു .അദാലത്തില്‍ എഡിഎം എന്‍ ദേവീദാസ്, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊള്ളകജെ റോഡ് ഡിസംബറിനകം കോണ്‍ക്രീറ്റ് ചെയ്യും
മഞ്ചേശ്വരം ബ്ലോക്കിലെ മീഞ്ചപഞ്ചായത്തിലെ മൈദല്‍ – കാന- പൊള്ളകജെ റോഡ് അഭിവൃദ്ധപ്പെടുത്തമെന്ന് ആവശ്യപ്പെട്ട് സുരേഷ് ബങ്കര സമര്‍പ്പിച്ച പരാതിയില്‍ ഡിസംബറിനകം റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി. ഉപ്പള ഹനുമാന്‍ നഗറില്‍ കടലാക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പിന്റെ റോഡ് പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് കെ ധന്‍രാജ് സമര്‍പ്പിച്ച പരാതിയില്‍, റോഡ് പുനസ്ഥാപിക്കുന്ന പ്രവൃത്തി അടുത്ത ആഴ്ച’ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അദാലത്തില്‍ അറിയിച്ചു.
വോര്‍ക്കാടി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മുട്ടം എന്ന സ്ഥലത്തെ വേള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി മുഹമ്മദ് നല്‍കിയ പരാതിയില്‍, വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നത് 300 മീറ്റര്‍ പുതിയ ത്രീ ഫെയ്‌സ് ലൈന്‍ നിര്‍മ്മിക്കണമെന്നും ഇതിനായി 125000 രൂപ ആവിശ്യമുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു.ഈ പ്രവൃത്തി 2020 – 21 വര്‍ഷത്തെ വൈദ്യുതി വകുപ്പിന്റെ പി എം എസ് യു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും
കൊഡ്‌ളമൊഗറു വില്ലേജ് ഓഫിസില്‍ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡണ്ട് എം എ അബ്ദുള്‍ മജീദ് സമര്‍പ്പിച്ച പരാതിയില്‍, വില്ലേജ്ഓഫീസിലേക്ക് ഉടന്‍ ജീവനക്കാരെ നിയമിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാന്‍ എഡിഎമ്മിന് കളക്ടര്‍ നിര്‍ദേശം നല്‍കി.കിടപ്പിലായ രോഗിക്ക് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന ജയലക്ഷ്മിയുടെ പരാതിയില്‍,60 ദിവസത്തിനുള്ളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.