ന്യൂ ഡൽഹി : നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ തളർത്തിയെന്ന് മൻമോഹൻ സിംഗ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പ്രവര്‍ത്തക സമിതി യോഗത്തിൽ വെച്ചാണ് മുൻ പ്രധാനമന്ത്രി മന്മോഹന് സിംഗ് നോട്ട് നിരോധനത്തെ രൂക്ഷമായി വിമർശിച്ചത്. പൊതുവ്യയം എന്ന ഒറ്റ എൻജിനിലാണ് സമ്പദ് വ്യവസ്ഥ പ്രവർത്തിക്കുന്നതെന്നും,തൊഴിൽ സൃഷ്ടിക്കുന്നതിൽ ഏൽപ്പിച്ച ആഘാതമാണ് ഏറ്റവും ഉത്കണ്ഠ ഉണ്ടാക്കുന്നതെന്നും മൻമോഹൻ സിംഗ് പറഞ്ഞു. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമാണ് സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് വന്നത്. ഇതിനെ തുടർന്ന് വ്യവസായ മേഖലയുടെ വളർച്ച 2016 മാര്‍ച്ചിൽ 10.7 ശതമാനത്തില്‍ നിന്ന് 2017 മാര്‍ച്ചില്‍ 3.8 ശതമാനമായി കുറഞ്ഞു. ആളുകളുടെ കൈവശം പണമില്ലാതെ വന്നതോടെ സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് വൻ കുറവ് വന്നു. ഇതിന്റെയെല്ലാം പ്രതിഫലനം രാജ്യത്ത് ജോലികള്‍ സൃഷ്ടിക്കുന്നതില്‍ പ്രതിഫലിക്കുമെന്നും യുവാക്കള്‍ക്ക് ജോലി ലഭിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം ചൂണ്ടി കാട്ടി.