നരേന്ദ്ര മോദിയുടെ നയങ്ങളെല്ലാം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ; മന്‍മോഹന്‍ സിംഗ്

222

ബെംഗളൂരു : നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മോദിയുടെ നയങ്ങളെല്ലാം വിനാശകരമായിരുന്നുവെന്നും ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവിലെത്തിയ മന്‍മോഹന്‍ സിങ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ചുമത്തി ജനങ്ങളെ ശിക്ഷിക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്തേതിനെ അപേക്ഷിച്ച്‌ എന്‍ഡിഎ അധികാരത്തില്‍ വന്നതിനു ശേഷം ജിഡിപി പകുതിയായി കുറഞ്ഞു. മോദി സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങള്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം സാവധാനം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ അനുഭവപ്പെടുന്ന നോട്ട് ക്ഷാമം മുന്‍കൂട്ടി തടയാനാവുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനവും തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയതും മോദി സര്‍ക്കാരിന് ഒഴിവാക്കാനാവുന്ന മണ്ടത്തരങ്ങളായിരുന്നു. ഇതുമൂലം സാമ്ബത്തിക രംഗത്തുണ്ടായ തകര്‍ച്ച രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ തകര്‍ക്കുകയും പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കുകയും ചെയ്‌തെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

NO COMMENTS