ന്യുഡല്‍ഹി: എഎപി ലോക്‌സഭാംഗം ഭഗവന്ത് സിങ് മന്‍ പാര്‍ലമെന്റിലെ സുരക്ഷാ സന്നാഹങ്ങളുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും 12 മണിവരെ നിര്‍ത്തിവെച്ചു.
ഇന്നലെയാണ് ഭഗവന്ത് മന്‍ വീഡിയോ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുചെയ്തത്. സൗത്ത് അവന്യൂവില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പോകുംവഴി കാറിലിരുന്ന് പകര്‍ത്തിയതാണ് വീഡിയോ. പാര്‍ലമെന്റിലെ പോലീസ് പിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങള്‍ വീഡിയോയില്‍ ദൃശ്യമാണ്.
സംഭവത്തില്‍ ഇന്നലെ തന്നെ എംപിമാര്‍ ഉള്‍പ്പെടെയുള്ളര്‍ രൂക്ഷവിമര്‍ശമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ വീഡിയോ പുറത്തുവിട്ടതില്‍ തെറ്റൊന്നുമില്ലെന്ന നിലപാടാണ് പഞ്ചാബ് എംപിയായ ഭാഗവന്ത് മന്‍ എടുത്തിരുന്നത്. സംഭവത്തില്‍ സ്പീക്കര്‍ ഇന്ന് ഭഗവന്തിനെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു.
ഇന്ന് ലോക്‌സഭ ചേര്‍ന്നപ്പോള്‍ ബിജെപി-അകാലിദള്‍ അംഗങ്ങള്‍ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബഹളമുയര്‍ത്തി. അകാലിദള്‍ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതിയും തേടിയിട്ടുണ്ട്. എന്നാല്‍ ബഹളം വര്‍ധിച്ചതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.
വിഷയം ഉന്നയിച്ച് ഭരണകക്ഷിയായ ബിജെപി രാജ്യസഭയിലും ബഹളമുയര്‍ത്തി. എന്നാല്‍ ലോക്‌സഭാംഗവുമായി ബന്ധപ്പെട്ട വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്ന നിലപാടാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ എടുത്തത്.
അതേസമയം സുരക്ഷാ സംവിധാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത് ഗൗരവമായ സംഭവമാണെന്നും വിഷയത്തില്‍ ശക്തമായ നടപടി വേണമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പറഞ്ഞു.