പാലക്കാട് • വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴിലുള്ള മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലെ കന്നുകാലി ഗവേഷണകേന്ദ്രത്തിലെ മാള്‍ട്ടപ്പനി (ബ്രൂസില്ലോസിസ്) രോഗം ബാധിച്ച 90 പശുക്കളെയും കേന്ദ്രത്തില്‍വച്ചുതന്നെ ദയാവധം നടത്താന്‍ തീരുമാനം. വെറ്ററിനറി സര്‍വകലാശാല റജിസ്ട്രാര്‍ ജനപ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
രോഗബാധിതരായ പശുക്കളെ മണ്ണൂത്തിയിലേയ്ക്കു മാറ്റി ദയാവധം നടത്താനുള്ള സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ ദേശീയ മൃഗക്ഷേമബോര്‍ഡ് രംഗത്തുവന്നിരുന്നു. രോഗംബാധിച്ച പശുക്കളെ കൊണ്ടുപോകുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നായിരുന്നു ബോര്‍ഡ് നിലപാട്.
മണ്ണൂത്തിയിലെ ആധുനീക സൗകര്യമുള്ള വൈഡിങ് ഫാമില്‍ ദയാവധം നടത്തി ജൈവവളമാക്കുകയായിരുന്നു സര്‍വകലാശാലയുടെ ലക്ഷ്യം. ഇതേസമയം, ഫാമില്‍തന്നെ അവയെ കൊല്ലുന്നതിനെതിരെ തൊഴിലാളി യൂണിയനുകള്‍ ശക്തമായി എതിര്‍ത്തു. സാഹചര്യം വ്യക്തമാക്കി സര്‍വകലാശാല മൃഗക്ഷേമബോര്‍ഡിന് ഏഴുതിയതിനെ തുടര്‍ന്ന് തിരുവിഴാംകുന്നില്‍വച്ചുതന്നെ നടപടി സ്വീകരിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കി.
അതിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല തുടര്‍ നടപടി ആരംഭിച്ചെങ്കിലും അനുമതി പിന്നീട് ബോര്‍ഡ് മരവിപ്പിച്ചു. പശുക്കളെ ഫാമില്‍വച്ചു കൊല്ലുന്നതിനെതിരെയുള്ള നിലപാടില്‍ നിന്ന് യൂണിയനുകളും മാറിയില്ല. അനിശ്ചിതത്വം ഒഴിവാക്കി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുളളവരുടെ വിപുലമായ യോഗം ഇന്ന് വൈകിട്ട് തിരുവിഴാംകുന്നില്‍ വിളിച്ചുചേര്‍ക്കുകയായിരുന്നു.
രോഗംബാധിച്ച കന്നുകാലികളെ ദയാവധം നടത്തിയില്ലെങ്കില്‍ ഉണ്ടാകുന്ന ഗുരുഗതരപ്രശ്നങ്ങളെക്കുറിച്ച് യോഗം തൊഴിലാളികളെ ബോധ്യപ്പെടുത്തി. ദയാവധത്തിനുശേഷം പുതിയ പശുക്കളെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും റജിസ്ട്രാര്‍ അറിയിച്ചു. കൊല്ലുന്നതിന് മുന്നോടിയായി പശുക്കളെ മയക്കാനുളള മരുന്ന് ലഭിച്ചാലുടന്‍ നടപടി ആരംഭിക്കും. മരുന്ന് ഏറ്റവും അടുത്തദിവസം എത്തിക്കും. വലിയ കുഴികളെടുത്തായിരിക്കും മറവുചെയ്യുക. തീയതി പിന്നീട് തീരുമാനിക്കും.