ചങ്ങനാശ്ശേരി: കേരള സാഹിത്യ അക്കാദമിയുടെ ഡയറിയില്‍ നിന്ന് മന്നത്ത് പത്മനാഭന്‍റെചിത്രം ഒഴിവാക്കി. ‘കേരളം ഓര്‍മ്മസൂചിക 2019’ എന്ന പേരില്‍ അക്കാദമി പുറത്തിറക്കിയ ഡയറിയിലെ നവോത്ഥാന നായകരുടെ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മന്നത്ത് പത്മനാഭന്‍റെ ചിത്രം ഇല്ലാത്തത്. മന്നത്തിന്‍റെ ചിത്രം ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണന്ന് എന്‍എസ്‍എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഡയറിയില്‍ നവോത്ഥാനനായകരുടെ കൂട്ടത്തില്‍ മന്നത്തുപത്മനാഭന് അര്‍ഹമായ സ്ഥാനം നല്കിയിട്ടില്ല എന്ന് അറിഞ്ഞപ്പോള്‍ തന്നെ സംഘാടകര്‍ ബോധപൂര്‍വം ചെയ്തതാണെന്ന് മനസ്സിലായെന്ന് സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ പറയുന്നു. ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്. മന്നത്തു പത്മനാഭന്‍ ആരായിരുന്നു എന്നും, അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ എന്താണെന്നും നല്ലതുപോലെ ജനങ്ങള്‍ക്കറിയാം. അങ്ങനെയിരിക്കെ, ചരിത്രപുരുഷനായ മന്നത്തു പത്മനാഭനെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റാണെന്നും സുകുമാരന്‍ നായര്‍ പറയുന്നു.