ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറിനെ ഗവര്‍ണര്‍ മൃദുല സിന്‍ഹ നിയമിച്ചു. 15 ദിവസത്തിനകം പരീക്കര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. മനോഹര്‍ പരീക്കറിന്റെ സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. എറ്റവും വലിയ ഒറ്റക്കക്ഷി തങ്ങളാണെന്നിരിക്കെ ബി.ജെ.പി രാഷ്‌ട്രീയ കുതിരക്കച്ചവടം നടത്തിയാണ് ഗോവയില്‍ അധികാരത്തിലെത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കിയിട്ടുണ്ടെങ്കിലും ചെറുപാര്‍ട്ടികളുടെ പിന്തുണയിലാണ് സര്‍ക്കാരുണ്ടാക്കുന്നത് എന്നതിനാല്‍ കാര്യങ്ങള്‍ വെച്ചുനീട്ടാന്‍ പരീക്കര്‍ ആഗ്രഹിക്കുന്നില്ല. ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരം ഏറ്റെടുക്കും. ബി.ജെ.പിക്കൊപ്പം സഖ്യം ചേര്‍ന്ന സ്വതന്ത്രന്‍മാര്‍ക്കും എം.ജി.പി, ജി.എഫ്.പി എം.എല്‍.എമാര്‍ക്കും മന്ത്രിപദം അടക്കമുള്ള സ്ഥാനമാനങ്ങള്‍ കിട്ടുമെന്നാണ് സൂചന. കോണ്‍ഗ്രസിനേകാള്‍ നാല് എം.എല്‍.എമാര്‍ കുറവായിരുന്നിട്ടുകൂടി ചെറുപാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബി.ജെ.പി സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കിയത്. 13 എ.എല്‍.എമാരുള്ള ബി.ജെ.പിയോടൊപ്പം മൂന്ന് സ്വതന്ത്രരും എം.ജി.പി ജി.ഫ്.പി പാര്‍ട്ടികളുടെ ആറ് എം.എല്‍.എമാരുമാണ് സഖ്യം ചേര്‍ന്നത്. 17 എം.എല്‍.എമാരുണ്ടായിട്ടും പുറത്തുനിന്നുള്ള നാല്പേരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയാതെപോയത് പാര്‍ട്ടിക്കകത്ത് ഐക്യം ഇല്ലാത്തത് കൊണ്ടാണെന്ന് ആരോപണമുണ്ട്. ഇന്നലെ നടന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തില്‍ ചെറുപാര്‍ട്ടികളെ കൂടെക്കൂട്ടാന്‍ തന്ത്രം മെനയുന്നതിന് പകരം മുതിര്‍ന്ന നേതാക്കളായ ദിഗംബര്‍ കാമത്തും പ്രതാപ് സിങ് റാണെയും മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി നടത്തിയെന്നാണ് വിവരം. ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസാണെന്നിരിക്കെ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയാണ് എം.എല്‍.എമാരെ കൂടെകൂട്ടിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആരോപിച്ചത്.