ന്യൂഡല്‍ഹി: മണിപ്പൂരിലും ഗോവയിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും. ഗോവയില്‍ ബി.ജെ.പി അംഗങ്ങള്‍ ഗവര്‍ണറെ കണ്ടു. 40 അംഗ നിയമസഭയില്‍ 22 പേരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി അവകാശപ്പെട്ടു. മഹാരാഷ്ട്രവാദി ഗോമാന്‍റക് പാര്‍ട്ടിയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മുന്ന് സ്വതന്ത്രരും തങ്ങളെ പിന്തുണയ്ക്കുന്നതായി ബി.ജെ.പി വ്യക്തമാക്കി. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലുള്ള ശ്രമം ബി.ജെ.പി ശക്മതാക്കിയതോടെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രാജിവച്ചു. പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാകും. ഗോവ മുഖ്യമന്ത്രിയായിരിക്കെയാണ് മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയായി കേന്ദ്രത്തിലേക്ക് പോയത്. പരീക്കറിനെ മുഖ്യമന്ത്രിയാക്കിയാല്‍ ബി.ജെ.പിയെ പിന്തുണയ്ക്കാമെന്ന് എം.ജി.പി വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുടെ മുന്‍ ഘടകകക്ഷി കൂടിയാണ് എം.ജി.പി. പരീക്കര്‍ മുഖ്യമന്ത്രിയാകുമെന്ന ഉറപ്പിലാണ് ചെറുകക്ഷികളും സ്വതന്ത്രരും ബി.ജെ.പിയെ പിന്തുണച്ചത്. മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. മണിപ്പൂരില്‍ 31 പേരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി വ്യക്തമാക്കി. മണിപ്പൂരിലെ ബി.ജെ.പി എം.എല്‍.എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. നാല് അംഗങ്ങളുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ഒരു അംഗമുള്ള രാംവിലാസ് പാസ്വാന്‍റെ പാര്‍ട്ടി, സ്വതന്ത്ര എം.എല്‍.എ അസബുദീന്‍ ഉംഫാല്‍ എന്നിവരും ബി.ജെ.പിയെ പിന്തുണയ്ക്കും.