ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമാക്കിയതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇരുപത്തിരണ്ടുകാരനായ ചന്ദു ബാബുലാല്‍ ചവാനാണ് പാകിസ്താന്റെ പിടിയിലുള്ളത്.മോചനത്തിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നാലാക്രണത്തിന് തൊട്ടുപിന്നാലെയാണ് അതിര്‍ത്തി ലംഘിച്ചു എന്ന പേരില്‍ ചന്ദു ബാബുലാല്‍ ചവാനെ പാകിസ്താന്‍ പിടികൂടിയത്.ബാബുലാല്‍ ചവാനെ പിടികൂടിയ വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ മുത്തശ്ശി മുത്തശ്ശി ഹൃദയാഘാതത്താല്‍ മരിച്ചിരുന്നു.അതേസമയം ചവാനെ യുദ്ധത്തടവുകാരനായി പാകിസ്താന്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധത്തടവുകാരനായി പ്രഖ്യാപിച്ചാല്‍ ജനീവ കരാര്‍ പ്രകാരമുള്ള പരിഗണനയാകും ചവാന് ലഭ്യമാകുക.എന്നാല്‍ ഇന്ത്യന്‍ സൈനികനെ പിടികൂടിയെന്ന് പാകിസ്താന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്ര സ്വദേശിയായ ബാബുലാല്‍ ചവാന്‍ 37 രാഷ്ട്രീയ റൈഫിളിലെ ജവാനാണ്.ചവാനെ പിടികൂടിയെന്ന് പറയുന്ന മേഖലയില്‍ പാട്ടാളക്കാരും സാധാരണ ജനങ്ങളും ഇരുവശത്തേക്കും സര്‍വ്വസാധാരണയായി പോകാറുണ്ടെന്നും ആരേയും തടവിലാക്കിറില്ലെന്നുമാണ് സൈന്യം പറയുന്നത്.
ചവാന്റെ മോചനത്തിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വെള്ളിയാഴ്ച ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും പറഞ്ഞിരുന്നു.