ശ്രീനഗര്‍ • കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ സുരക്ഷാ അവലോകനയോഗം ചേരുന്നു. കര, നാവിക, വ്യോമസേന മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനായിട്ടാണ് യോഗം. അതിര്‍ത്തിയിലെ സൈനിക ക്യാംപുകളെയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്ന് ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്യാംപുകളിലെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. സുരക്ഷ ഇനിയും വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുക്കും.ഉറി ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിനുശേഷമുള്ള ആദ്യ ഭീകരാക്രമണമാണ് ഇന്നലെ കശ്മീരിലുണ്ടായത്.ബാരാമുല്ല ജില്ലയില്‍ 46 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപിനുനേരെ ഇന്നലെ രാത്രി പത്തരയോടെയാണു ഭീകരര്‍ വന്‍വെടിവയ്പ് ആരംഭിച്ചത്. ചാവേര്‍ സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നതായാണു വിവരം. ആക്രമണം രണ്ടു മണിക്കൂര്‍ നീണ്ടു. ക്യാംപിന്റെ രണ്ടു വശത്തുനിന്നും ഗ്രനേഡുകള്‍ എറിഞ്ഞായിരുന്നു ആക്രമണം. സര്‍വസജ്ജരായിരുന്ന സൈനികര്‍ ഉടന്‍ തിരിച്ചടിക്കുകയും ഭീകരര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഭീകരര്‍ക്കു ക്യാംപിനുള്ളില്‍ കടക്കാനായില്ല. അതിര്‍ത്തിയിലെ ബിഎസ്‌എഫ് പോസ്റ്റിനുനേരെയും ഭീകരര്‍ ആക്രമണം നടത്തി.ആക്രമണത്തില്‍ ഒരു ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്കും ഒരു ബിഎസ്‌എഫ് ജവാനും പരുക്കേറ്റു. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഭീകരസംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
രണ്ടാഴ്ച മുന്‍പ് ഉറിയിലെ സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തില്‍ 19 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണം നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം ഭീകരക്യാംപുകള്‍ ആക്രമിച്ചിരുന്നു. ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെ നിയന്ത്രണരേഖയ്ക്ക് സമീപം അഖ്നൂറില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചിരുന്നു. ശക്തമായ വെടിവയ്പ്പാണ് ഈ മേഖലയില്‍ പാക്ക് സൈന്യത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ മുന്‍ ഗ്രാമത്തലവനെ ആയുധധാരികള്‍ വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുകൂടിയായ ഫയാസ് അഹമ്മദ് ഭട്ടിനെയാണു കൊലപ്പെടുത്തിയത്.