ന്യൂഡല്‍ഹി• സൈന്യത്തിനു നല്‍കേണ്ട സംഭാവനകള്‍ സ്വമേധയാ തരണമെന്നും ആരെയെങ്കിലും ഭീഷണിപ്പെടുത്തി വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പാക്ക് നടന് അഭിനയിച്ച കരണ്‍ ജോഹറിന്റെ ‘യെ ദില്‍ ഹെ മുശ്കില്‍’ എന്ന സിനിമ റിലീസ് ചെയ്യണമെങ്കില്‍ പ്രായശ്ചിത്തമായി അഞ്ചുകോടി രൂപ സൈന്യത്തിനു നല്‍കണമെന്ന് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പണം നല്‍കാമെന്ന് കരണ്‍ ജോഹര്‍ സമ്മതിച്ചു. ഈ സാഹചര്യത്തിലാണ് ആരുടെയും പേരു പരാമര്‍ശിക്കാതെ പ്രതിരോധ മന്ത്രി നിലപാട് വ്യക്തമാക്കിയത്.സൈനിക ക്ഷേമനിധിയിലേക്ക് സ്വമേധയാ സംഭാവന നല്‍കുകയാണ് വേണ്ടത്.ആരെയും നിര്‍ബന്ധിക്കുന്നതിനോട് യോജിപ്പില്ല. നാളെ ആര്‍ക്കെങ്കിലും സൈന്യത്തിനു സംഭാവന നല്കണമെങ്കില് അതാവാം. സ്വന്തം താല്പര്യപ്രകാരം ആര്‍ക്കും സംഭാവന നല്‍കാം. ആരുടെയും കഴുത്തിനു പിടിച്ച് സംഭാവന വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും പരീക്കര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ് താക്കറെയുടെ വ്യവസ്ഥയോടു സൈനിക വൃത്തങ്ങളില്‍ വലിയ എതിര്‍പ്പ് രൂപപ്പെട്ടിരുന്നു. സൈന്യത്തെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കാനുള്ള പ്രവണതയ്ക്കെതിരെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ പരസ്യമായി രംഗത്തെത്തി. ഇത്തരത്തില്‍ ലഭിക്കുന്ന പണം സ്വീകരിക്കില്ലെന്നും സൈന്യവുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രി നിലപാട് വ്യക്തമാക്കിയത്.