പനിക്കാലം

402

മഴക്കാലം എന്നും ആഹ്ലാദകരങ്ങളാണ്. അതുപോലെ സൂക്ഷിച്ചില്ലെങ്കില്‍ ദു:ഖകരമാവുമെന്ന പ്രത്യേകതയുമുണ്ട്. രോഗകാരികളുടെ വരവ് കൊതുകിന്റെയും വെള്ളത്തിന്റെയും ഈച്ചകളുടെയും രൂപത്തില്‍ വ്യാപിക്കുന്ന സമയം കൂടിയാണ്. അതുകൊണ്ടുതന്നെ വൃത്തികുറയുന്നത് അസുഖം വിളിച്ചുവരുത്തും. ഡങ്കു പോലുള്ള അസുഖങ്ങള്‍ വ്യാപിക്കുന്ന സമയം കൂടിയാണ്.

ഇത്തവണ കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് അനുസരിച്ച് അതിശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയും ഉണ്ടെന്നാണ്. അതുകൊണ്ടു കുടിവെള്ളം മലിനപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. അസുഖങ്ങള്‍ ഏതുരൂപത്തിലും എത്താമെന്നിരിക്കേ അസുഖമുക്തമായിരിക്കാന്‍ ആര്‍ക്കും പാലിക്കാവുന്ന ചില നിര്‍ദേശങ്ങള്‍ ഇതാ:

കൈകഴുകുക

ഏതു രോഗമായാലും അതു പകരാന്‍ നമ്മുടെ കൈകളും ഒരു പങ്കുവഹിക്കുന്നു. കൈകള്‍ വൃത്തിയായി കഴുകുന്നതോടെ അങ്ങനെ വരാന്‍ സാധ്യതയുള്ള രോഗങ്ങളില്‍ നിന്നു രക്ഷനേടാം. ബാക്ടീരിയയും മറ്റും കൈകളിലൂടെ നിങ്ങളിലേക്കെത്താം. അസുഖമുള്ളവര്‍ സ്പര്‍ശിച്ചിടത്ത് പൊതുസ്ഥലങ്ങളിലാവുമ്പോള്‍ നമ്മളും സ്പര്‍ശിക്കുന്നുണ്ടാവാം. അത് രോഗത്തിലേക്ക് നയിക്കാം. അതിനുള്ള പ്രതിവിധി സാധിക്കുമ്പോഴൊക്കെ കൈകള്‍ സോപ്പിട്ട് കഴുകുക എന്നതാണ്. പ്രത്യേകിച്ച് പുറത്തുപോയി വരുമ്പോള്‍ കൈ കഴുകിയതിനു ശേഷം മാത്രമേ മറ്റെന്തും ചെയ്യുവാനോ എടുക്കുവാനോ പാടുള്ളൂ.

മുഖത്ത് സ്പര്‍ശിക്കാതിരിക്കുക

ജലദോഷമുണ്ടാക്കുന്ന വൈറസുകള്‍ മൂക്ക്, വായ, കണ്ണുകള്‍ എന്നിവയിലൂടെയാണ് നമ്മിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ട് വെറും കൈകളുപയോഗിച്ച് ഈ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക. വിയര്‍പ്പ് തുടയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഒരു തൂവാല കരുതുകതന്നെവേണം.

മലിനജലത്തില്‍ നിന്നകലെ

മഴക്കാലമാകുന്നതോടെ കെട്ടിക്കിടക്കുന്ന മലിനജലവും ഓടപൊട്ടിയെത്തുന്ന മലിനജലവും ഒരു കാഴ്ചയാണ്. ഇതൊക്കെ ജലത്തില്‍നിന്നു രോഗം പകരുന്നതിനു കാരണമാകും. ഡയറിയ, കോളറ, ഫംഗസ് അസുഖങ്ങള്‍ തുടങ്ങിയവ എല്ലാം മലിനജലത്തിലൂടെയെത്തുന്നവയാണ്.

മലിനജലത്തില്‍ ഇറങ്ങേണ്ടിവരുന്ന സാഹചര്യം കൂടുതലാണ്. അതുകൊണ്ടുതന്നെ ചെരുപ്പുകളും മറ്റും ഉപയോഗ ശേഷം വൃത്തിയായി സൂക്ഷിക്കുക. ഉണക്കി സൂക്ഷിക്കാന്‍ മഴക്കാലത്ത് ബുദ്ധിമുട്ടാണ്. ഷൂസുകളിലും മറ്റും ന്യൂസ്‌പേപ്പറുകള്‍ തിരുകികയറ്റി വയ്ക്കുന്നത് ഈര്‍പ്പം പോകാനും ദുര്‍ഗന്ധം അകലാനും സഹായിക്കും.

വീട്ടിലെത്തിയാലുടന്‍ കാലും മറ്റും സോപ്പിട്ടു കഴുകുകയും വേണം. റബര്‍ ഷൂസുകള്‍ ഒരു പരിധിവരെ സംരക്ഷണമൊരുക്കും.

തെരുവോര ഭക്ഷണം

വളരെ രുചിയോടെ കഴിക്കുന്ന തെരുവോര ഭക്ഷണം ഏറെ സൂക്ഷിക്കേണ്ട സമയങ്ങളാണ് ജലദൗര്‍ലഭ്യമുള്ള സമയവും ജലധാരാളിത്തമുള്ള സമയവും. ഈ രണ്ടുസമയത്തും അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്.

തുറസായ സ്ഥലങ്ങളില്‍ പാചകം ചെയ്യുന്ന ആഹാരസാധനങ്ങള്‍ വായു, ജല മലിനീകരണം മൂലം അസുഖവാഹകരാകുന്നുണ്ട്. ബാക്ടീരിയ ഇവിടെ രോഗഹേതുവാകുന്നുണ്ട്.എപ്പോഴും നല്ലത് ശുദ്ധവും വീട്ടിലുണ്ടാക്കുന്നതുമായ ആഹാര സാധനങ്ങള്‍ തന്നെയാണ്.

കൊതുകുകള്‍ അകലെ

മണ്‍സൂണ്‍ കാലം കൊതുകിന്റെ കാലം കൂടിയാണ്. കെട്ടിക്കിടക്കുന്ന ജലം വ്യാപകമാകുന്നതോടെ കൊതുകുകള്‍ പെരുകും. ഇതു സര്‍വസാധാരണമാണ്. എന്നാല്‍ ഇവയില്‍ നിന്നും രക്ഷപ്പെടുന്നതില്‍ പലപ്പോഴും വിജയിക്കാനാവുന്നില്ലെന്നതാണ് രോഗമുണ്ടാകാന്‍ കാരണം.

വീട് വൃത്തിയാക്കുകയാണ് കൊതുകിനെ അകറ്റാന്‍ അത്യന്താപേക്ഷിതമായി വേണ്ടത്. വീടിന്റെ മുക്കും മൂലയും വൃത്തിയാക്കണം. കഴുകാനുള്ള വസ്ത്രങ്ങള്‍ അടപ്പുള്ള ബക്കറ്റുകളിലോ മറ്റോ സൂക്ഷിക്കുക. ഫഌവര്‍ പോട്ട് പോലെ കെട്ടിക്കിടക്കുന്ന വെള്ളമുള്ളവ വൃത്തിയായി ഈ സീസണ്‍ കഴിയും വരെയെങ്കിലും അടച്ചുസൂക്ഷിക്കുക.

വീട്ടിലും പുറത്തും കൊതുകുകടി ഏല്‍ക്കാതിരിക്കുക. കൊതുകുവല ഉപയോഗിക്കുക.

ഔഷധച്ചായ

ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങി മഴക്കാലത്ത് സര്‍വസാധാരണമായ ചെറു രോഗങ്ങള്‍ക്ക് ഔഷധച്ചായ നല്ലതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഔഷധച്ചായ രുചിക്കല്ല, ഗുണത്തിനാണ് പ്രാധാന്യം എന്നോര്‍ക്കണം. അതുകൊണ്ട് ഗ്രാമ്പു, ഇഞ്ചി, കുരുമുളക്, തുളസിയില, പുതിന ഇവയൊക്കെയിട്ട് ചായ ഉണ്ടാക്കാവുന്നതാണ്.

യൂക്കാലിപ്റ്റസ് ഓയില്‍

യൂക്കാലിപ്റ്റസ് ഓയില്‍ എപ്പോഴും നല്ലതുതന്നെയാണ്. മൂക്കടപ്പ് പോലുള്ള സാധാരണ രോഗങ്ങള്‍ക്ക് കണ്‍കണ്ട ഔഷധമാണ്. ഇത് ശരീരത്തിന് മൊത്തം ഗുണം ചെയ്യുന്നതുമാണ്. ഇത് വെള്ളത്തില്‍ തുള്ളികള്‍ ചേര്‍ത്ത് മുഖത്ത് ആവി പിടിക്കുന്നതതും നല്ലതാണ്. നിങ്ങളുടെ തൂവാലയില്‍ ഒന്നുരണ്ടു തുള്ളികള്‍ ഇറ്റിച്ച് പുറത്തുപോകുമ്പോള്‍ കൊണ്ടുപോകുന്നതും നല്ലതാണ്. പനിക്കാലത്ത് കഴുത്തിലും നെറ്റിയിലും യൂക്കാലി ഇറ്റിച്ച തുണി കെട്ടുന്നതും നന്ന്.

NO COMMENTS

LEAVE A REPLY