ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ ചലച്ചിത്ര നടി ഉഷ ആലപിച്ച മാപ്പിളപ്പാട്ട് എം.പി എ.എം. ആരിഫ് റിലീസ് ചെയ്​തു

109

ഷാര്‍ജ: സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ ചലച്ചിത്ര നടി ഉഷ ആലപിച്ച മാപ്പിളപ്പാട്ട് ആലപ്പുഴ എം.പി എ.എം. ആരിഫ് റിലീസ് ചെയ്​തു. വാരിയന്‍ കുന്നത്ത് സീറപ്പാട്ടിലൂടെ പ്രശസ്​തനായ, ഷാര്‍ജയില്‍ പ്രവാസിയായ നസറുദ്ദീന്‍ മണ്ണാര്‍ക്കാടാണ് വരികള്‍ എഴുതിയത്. നിഷ്‌ക്കളങ്കരായ ദ്വീപ് ജനതക്ക് നേരെയുള്ള അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ജനങ്ങള്‍ രംഗത്തുവരുകയാണെന്നും എ.എം. ആരിഫ് ഗാനം റിലീസ് ചെയ്​ത്​ പറഞ്ഞു.

‘കണ്ടില്ലേ അതിശയ കഥയേറെ പറയുന്ന നമ്മുടെ സ്വന്തം ലക്ഷദ്വീപ് – ആഹാ കേരമരങ്ങള്‍ തിങ്ങി നീലക്കടലില്‍ മുങ്ങിപ്പൊങ്ങി തെങ്ങോല തണലുള്ള ദ്വീപ് ‘ എന്ന പല്ലവിയില്‍ ആരംഭിക്കുന്ന ഗാനം ലക്ഷദ്വീപിന്റെ സവിശേഷമായ ഭാഷയും സംസ്കാരവും സംഗീതവും ദ്വീപുകാരുടെ നിഷ്ക്കളങ്കതയും ആമുഖമായി പ്രകീര്‍ത്തിക്കുന്നുണ്ട്.

പിന്നീടുള്ള വരികള്‍ ലക്ഷദ്വീപ് ജനതക്കുള്ള തുറന്ന പിന്തുണയാണ് നല്‍കുന്നത്. ലക്ഷദ്വീപിനെ ഒറ്റപ്പെടുത്തി തകര്‍ക്കാമെന്ന വ്യാമോഹത്തെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന താക്കീതും ഗാനം നല്‍കുന്നു. സാധ്യമായ മാര്‍ഗത്തിലൂടെയെല്ലാം ലക്ഷദ്വീപിനെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിക്കുന്നതിന്റെ ഭാഗമായാണ് ഈ ഗാനം ഒരുക്കിയതെന്ന് അണിയറ ശില്‍പികള്‍ പറഞ്ഞു.

NO COMMENTS