കൊച്ചി: നഗരസഭ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ എത്തിയാണ് മരടിലെ ഫ്ളാറ്റുകളിലെ താമസക്കാര്‍ അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത് . ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്കാന് തീരുമാനിച്ചിരുന്നു.
ഫ്ളാറ്റുകള്‍ പൊളിക്കരുതെന്നാവശ്യപ്പെടുന്ന പ്രമേയവും കൗണ്‍സില്‍ പാസാക്കി. ചെയര്‍പേഴ്സണ്‍ ടി.എച്ച്. നദീറയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ഫ്ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ച് നഗരസഭ ചൊവ്വാഴ്ച പത്രങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തു. പതിനഞ്ചു നിലകള്‍ വീതമുള്ള നാല് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യ മുള്ള ഏജന്‍സികള്‍ ഈ മാസം 16 നകം അപേക്ഷ സമര്‍പ്പിക്കണം. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും.ഫ്ളാറ്റ് പൊളിക്കുന്നതില്‍ പ്രതിഷേധിച്ച് ഉടമകള്‍ തിരുവോണ ദിവസം നിരാഹാരമിരിക്കും. നഗരസഭയ്ക്കു മുന്നിലാവും പ്രതിഷേധം. ഇന്ന് രാവിലെയും പ്രതിഷേധവുമായി ഫ്ളാറ്റ് ഉടമകള്‍ നഗരസഭയ്ക്കു മുന്നിലെത്തിയിരുന്നു.