മരട്(കൊച്ചി): മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ചുമതല ഏറ്റെടുത്ത കമ്പനികളാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ വേണ്ട സമയം ആറു സെക്കന്‍ഡില്‍ താഴെ മാത്രമാണെന്നും പൊളിക്കുമ്പോൾ കെട്ടിടത്തിന്റെ പത്തു മീറ്റര്‍ ചുറ്റളവിനപ്പുറത്തേക്കു പ്രകന്പനമുണ്ടാകില്ല എന്നും അറിയിച്ചത്.
ഫലപ്രദമായ രണ്ടു രീതികളാണു കെട്ടികം പൊളിക്കാന്‍ കമ്പനികൾ സാധാരണയായി സ്വീകരിക്കുക. കെട്ടിടം ചീട്ടു കൊട്ടാരം പോലെ നിലം പതിക്കുന്നതാണ് അതിലൊന്ന്. 19 നിലകളുള്ള ഒരു കെട്ടിടത്തിന്റെ അഞ്ചു നിലകളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കും. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ആദ്യം സ്ഫോടനമുണ്ടാകും. നിമിഷങ്ങള്‍ക്കകം കെട്ടിടം നിലംപതിക്കും. ലംബാകൃതിയിലുള്ള മൂന്നു ഭാഗങ്ങളായി കെട്ടിടം പൊളിക്കുന്നതാണു രണ്ടാമത്തെ മാതൃക. ഫ്ളാറ്റുകള്‍ നിലനില്‍ക്കുന്ന സ്ഥലവും പരിസരവും പരിഗണിച്ചായിരിക്കും ഏതു രീതി സ്വീകരിക്കണമെന്ന കാര്യത്തില്‍ കന്പനികള്‍ അന്തിമ തീരുമാനം എടുക്കുക.
ഫ്ളാറ്റ് സമുച്ചയങ്ങള്‍ കരാര്‍ ഏറ്റെടുക്കുന്ന കന്പനികള്‍ക്ക് ശനിയാഴ്ചയാണു കൈമാറുക. മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. കൗണ്‍സിലിന്റെ അനുമതിയോടെയാകും പൊളിക്കാനുള്ള ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒൗദ്യോഗികമായി കന്പനികള്‍ക്കു കൈമാറുക. പത്തു ദിവസത്തിനകം പൊളിക്കല്‍ തുടങ്ങണമെന്നാണു നിര്‍ദേശമെന്നു ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കിയ മരട് നഗരസഭാ സ്പെഷല്‍ സെക്രട്ടറി സ്നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു.
മുന്‍ പരിചയത്തിന്റെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും മറ്റും അടിസ്ഥാനത്തിലാണ് മുംബൈയിലെ എഡിഫൈസ് എന്‍ജിനിയറിംഗ്, വിജയാ സ്റ്റീല്‍സ് (കോയന്പത്തൂര്‍) എന്നീ കന്പനികളെ പൊളിക്കല്‍ കരാര്‍ നല്‍കാനായി തെരഞ്ഞെടുത്തത്. കന്പനികള്‍ വിശദമായ പ്രവര്‍ത്തന പദ്ധതി അടങ്ങുന്ന റിപ്പോര്‍ട്ട് തയാറാക്കി നല്‍കണം. കന്പനി പ്രതിനിധികള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തും.
ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പായി സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളോ, വീടുകള്‍ക്കും മറ്റും നാശനഷ്ടമോ പരമാവധി ഒഴിവാക്കും വിധമായിരിക്കും കെട്ടിടങ്ങള്‍ പൊളിക്കല്‍. പാരിസ്ഥിതിക നാശവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തും. നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉറപ്പാക്കാന്‍ കന്പനികള്‍ നടപടി സ്വീകരിക്കും.
പൊളിക്കല്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ നൂറു മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കു രേഖാമൂലമുള്ള അറിയിപ്പു നല്‍കും. ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തശേഷമായിരിക്കും പൊളിക്കല്‍ തുടങ്ങുകയെന്നും ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രത്യേക സംവിധാനവും ഒരുക്കും. വിദഗ്ധരുടെ ഉപദേശങ്ങളും ഇതിനായി തേടും. വിശദമായ പ്ലാന്‍ തയാറാക്കിയ ശേഷമായിരിക്കും ആളുകളെ ഒഴിപ്പിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.