കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റും ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് സബ്കളക്ടർ സ്നേഹിൽ കുമാർ സിംഗ്. രാവിലെ തന്നെ ഫ്ലാറ്റിന് ചുറ്റും നിയന്ത്രിത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും പത്തരയോടെ ഗതാഗതം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലാറ്റുകൾക്ക് സമീപമുള്ള വീടുകളിൽ പോലീസ് പരിശോധന നടത്തിവരികയാണ്. രാവിലെ ആൽഫ സെറീനിൽ ഉദ്യോഗസ്ഥരെത്തി അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. പൊളിക്കുന്നതിനു മുന്നോടിയായുള്ള മോക്ഡ്രിൽ വെള്ളിയാഴ്ച വിജയകരമായി നടത്തിയിരുന്നു.