കൊച്ചി: ഫ്ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിലെ സമയപരിധി ഞായറാഴ്ച അവസാനിച്ചെങ്കിലും ഒഴിഞ്ഞുപോകുന്നതിനായി മരടിലെ താമസക്കാരായ ആരും ഫ്ളാറ്റുകള്‍ വിട്ടിറങ്ങിയില്ല. കോടതിവിധി യെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താനും പരിഹരിക്കുന്നതിനും ചൊവ്വാഴ്ച മൂന്നരയ്ക്ക് തിരുവനന്തപുരത്ത് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു.
റിവ്യൂ ഹര്‍ജി സര്‍ക്കാര്‍ പരിശോധിക്കുന്നു
സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജിയുടെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. ഇതിനായി സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം തേടും. ഇതുവരെ എടുത്ത നടപടികള്‍, പ്രായോഗിക പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം കോടതിയില്‍ സര്‍ക്കാര്‍ നല്‍കും. ഇതോടൊപ്പമാണ് റിവ്യൂഹര്‍ജിയുടെ സാധ്യത പരിഗണിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ താമസക്കാരെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിപ്പിക്കുക എളുപ്പമല്ല. ഇതിന് കൂടുതല്‍ സമയം തേടും.
ഇതുവരെയെടുത്ത നടപടികള്‍ കോടതിയെ അറിയിക്കുന്നതിനൊപ്പം വിധി പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. കേസില്‍ ഇപ്പോള്‍ സര്‍ക്കാര്‍ കക്ഷിയല്ല. വിധി സുപ്രീംകോടതിയുടേതായതിനാല്‍ ഇടപെടലിന് പരിമിതികളുമുണ്ട്. ഒഴിപ്പിക്കുമ്ബോഴുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍പോലെ ഫ്ളാറ്റുകള്‍ പൊളിക്കുമ്ബോഴുള്ള പരിസ്ഥിതിപ്രശ്‌നങ്ങളും സര്‍ക്കാരിനു പ്രതിസന്ധിയാണ്. ഇക്കാര്യവും വിശദമാക്കും.
ഫ്ളാറ്റ് ഒഴിപ്പിക്കല്‍ വിഷയം – നഗരസഭ
ഫ്ളാറ്റ് ഒഴിപ്പിക്കല്‍ വിഷയത്തില്‍ അടുത്തഘട്ടത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് മരട് നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാന്‍. ഉടമകള്‍ ഒഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല. മേല്‍നടപടി എങ്ങനെവേണമെന്ന് ഇനി തീരുമാനിക്കും. ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും മുകളില്‍നിന്ന് കിട്ടിയിട്ടില്ല. ഉത്തരവനുസരിച്ചായിരിക്കും തുടര്‍നടപടി. ഒഴിയേണ്ടിവന്നാല്‍ താമസക്കാര്‍ക്കായി ഏലൂരിലെ ഫാക്‌ട് ക്വാര്‍ട്ടേഴ്‌സില്‍ സൗകര്യം ഒരുക്കാനായി കളക്ടര്‍ നിര്‍ദേശിച്ചതായും നഗരസഭാ സെക്രട്ടറി അറിയിച്ചു.
ഫ്ളാറ്റുകള്‍ വിറ്റത് നിയമാനുസൃതമാണെന്ന് നിര്‍മാതാക്കള്‍
ഫ്ളാറ്റുകള്‍ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നുമുള്ള നിലപാടിലാണ് ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റ് നിര്‍മാതാക്കള്‍ വ്യക്തമാക്കി മരട് നഗരസഭാ സെക്രട്ടറിക്ക് നേരത്തെ കത്തുനല്‍കിയിരുന്നു
പദ്ധതിയുമായി ബന്ധമില്ല. നിലവിലെ ഉടമസ്ഥരാണ് കരമടയ്ക്കുന്നത്. അതിനാല്‍ ഉടമസ്ഥാവകാശവും അവര്‍ക്കാണ്. നഗരസഭ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥരോ നിര്‍മാതാക്കളോ ചെയ്ത തെറ്റിന് ബലിയാടാവില്ലെന്നുമാണ് ഉടമകള്‍ പറയുന്നത്. ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നഗരസഭാ കവാടത്തിനുമുന്നില്‍ തുടങ്ങിയ സമരം ഞായറാഴ്ച കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് സമുച്ചയത്തിലേക്ക് മാറ്റി.
ഒഴിയില്ലെന്ന നിലപാടിലുറച്ച് താമസക്കാര്‍.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം ഇരുപതിനകം പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ അഞ്ചു ദിവസത്തിനുള്ളില്‍ ഫ്ളാറ്റ് ഒഴിയാന്‍ നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍, ഒഴിയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് താമസക്കാര്‍.