തിരുവനന്തപുരം:ബി.ടെക്. പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റ കുട്ടികള്‍ക്ക് അധികമാര്‍ക്ക് നല്‍കി ജയിപ്പിച്ചത് പുനഃപരിശോധിക്കാനാണു താത്പര്യമെന്ന് സര്‍ക്കാര്‍ സര്‍വകലാശാലയെ അറിയിക്കും. സര്‍വകലാശാല സ്വയംഭരണ സ്ഥാപനമായതിനാലാണ് നിര്‍ദേശത്തിനു പകരം താത്പര്യമെന്ന നിലയില്‍ ഇക്കാര്യമറിയിക്കുന്നത്.
മന്ത്രി ജലീല്‍, ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ് എന്നിവരുമായി മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകീട്ട് ഇക്കാര്യം ചര്‍ച്ചചെയ്തു. മാര്‍ക്ക് ദാനംചെയ്യുന്ന രീതിയോടുള്ള എതിര്‍പ്പ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്നാണു വിവരം. സര്‍ക്കാരിന് സര്‍വകലാശാല നല്‍കിയ റിപ്പോര്‍ട്ടും അതിന്മേല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തിയ അഭിപ്രായവും അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച.
മന്ത്രിയുടെയോ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയോ ഇടപെടല്‍ മാര്‍ക്കുദാനത്തില്‍ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലാണ് ചര്‍ച്ചയിലുണ്ടായത്. പരീക്ഷാഫലം വന്നശേഷം മാര്‍ക്കുദാനം നടന്നതില്‍ ചട്ടലംഘനമുണ്ടെന്ന വിലയിരുത്തലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനുള്ളത്. അക്കാദമിക കൗണ്‍സില്‍വഴി ഈ നിര്‍ദേശം വരാതെ സിന്‍ഡിക്കേറ്റ് നേരിട്ട് മാര്‍ക്ക് നല്‍കിയതിലും ചട്ടലംഘനമുണ്ട്.
2012-ല്‍ കൊച്ചി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഫലം വന്നശേഷം ബി.ടെക്. പരീക്ഷയ്ക്ക് മോഡറേഷന്‍ നല്‍കിയിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളിലും അക്കാദമിക് കൗണ്‍സിലില്‍ ശുപാര്‍ശയിലാണ് തീരുമാനമെടുത്തതെങ്കിലും ഫലപ്രഖ്യാപനത്തിനു ശേഷമുള്ള മാര്‍ക്കുദാനം ചട്ടലംഘനം തന്നെയാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി.സിന്‍ഡിക്കേറ്റിന് ഇതിനുള്ള അധികാരമില്ല. എന്നാല്‍, ഇതൊന്നും മന്ത്രിയുടെയോ മന്ത്രിയുടെ ഓഫീസിന്റെയോ സമ്മര്‍ദത്തിലല്ലെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഈ നിലപാടിനോട് മുഖ്യമന്ത്രിയും യോജിച്ചതായാണറിയുന്നത്.
സര്‍ക്കാരിന്റെ അഭിപ്രായംകൂടി കണക്കിലെടുത്താല്‍ സിന്‍ഡിക്കേറ്റിനുമുന്നില്‍ രണ്ടു വഴികളാണുള്ളത്. അധികമാര്‍ക്ക് നല്‍കാനെടുത്ത തീരുമാനം പിന്‍വലിക്കുക എന്നതാണ് ഒന്നാമത്തേത്. അധികമാര്‍ക്ക് നല്‍കേണ്ട ആവശ്യകത അക്കാദമിക് കൗണ്‍സിലിന്റെ മുമ്ബാകെ കൊണ്ടുവന്ന് തീരുമാനത്തിന് അംഗീകാരം വാങ്ങുകയെന്നതാണ് രണ്ടാമത്തെ മാര്‍ഗം. സിന്‍ഡിക്കേറ്റിന്റെ തീരുമാനം സിന്‍ഡിക്കേറ്റിനു മാത്രമേ തിരുത്താനാകൂ. അല്ലെങ്കില്‍ ചാന്‍സലറായ ഗവര്‍ണര്‍ തിരുത്തണം. ഇതൊക്കെ കണക്കിലെടുത്താണ് ഇക്കാര്യം സിന്‍ഡിക്കേറ്റ് വീണ്ടും പരിശോധിക്കട്ടെയെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചത്.