ന്യൂഡല്‍ഹി• തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയോടു ചെറുപ്പത്തില്‍ തനിക്ക് ഇഷ്ടമായിരുന്നെന്നും അവര്‍ക്കത് അറിയില്ലായിരുന്നുവെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഇപ്പോഴും അവരോടു സ്നേഹമുണ്ടെന്നും കട്ജു വ്യക്തമാക്കി. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പോസ്റ്റ് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടതോടെ കട്ജു അതു പിന്‍വലിച്ചു. ജയലളിത സിംഹിയാണെന്നും അവരുടെ എതിരാളികള്‍ കുരങ്ങന്‍മാരാണെന്നും കട്ജു കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.മറ്റൊരു പോസ്റ്റില്‍ ജയലളിതയെ നേരിട്ടു കണ്ടതിനെക്കുറിച്ചും കട്ജു വിവരിക്കുന്നുണ്ട്. 2004 നവംബറില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായപ്പോഴാണ് ആദ്യമായി അവരെ കണ്ടത്.
സുന്ദരമായ ഇംഗ്ലിഷില്‍ ജയലളിത തന്നോടും ഭാര്യയോടും സംസാരിച്ചെന്നും ചെന്നൈയില്‍ നല്ല ഷോപ്പിങ് കേന്ദ്രങ്ങളുണ്ടെന്നു ഭാര്യയോടു പറഞ്ഞിരുന്നെന്നും കട്ജു ഫെയ്സ്ബുക് കുറിപ്പില്‍ പറയുന്നു.പ്രസ് കൗണ്‍സില്‍ പ്രസിഡന്റ് ആയിരിക്കെയാണ് രണ്ടാം തവണ ജയലളിതയെ കണ്ടത്. മുഖ്യമന്ത്രിയായിരിക്കെ ജയ തന്നോട് ഒരു തരത്തിലുള്ള ശുപാര്‍ശയും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അവരോടു തനിക്കു ബഹുമാനമാണെന്നും കട്ജു വ്യക്തമാക്കി.